സോൾ: ദക്ഷിണ കൊറിയയിൽ കിംചി കഴിച്ച 1000ത്തിലേറെ പേർക്ക് ഭക്ഷ്യവിഷബാധ. തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള നാംവോൺ സിറ്റിയിലാണ് സംഭവം. കിംചിയിൽ നോറോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി അധികൃതർ പറയുന്നു. സ്കൂൾ ഭക്ഷണത്തിനൊപ്പം നൽകിയ കിംചിയാണ് ഭക്ഷ്യവിഷബാധയുണ്ടാക്കിയത്. നഗരത്തിലെ 24 സ്കൂളുകളിലെ വിദ്യാർത്ഥികളും സ്റ്റാഫുകളും ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു. കടുത്ത ഛർദ്ദിയും വയറുവേദനയും വയറിളക്കവുമായാണ് ഇവർ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. അതേ സമയം, കിംചിയിൽ വൈറസ് എങ്ങനെ കടന്നുകൂടിയെന്ന് വ്യക്തമല്ല. നഗരത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സ്കൂളുകളിൽ വിതരണം ചെയ്ത കിംചി ബ്രാൻഡിന് താത്കാലിക നിരോധനം ഏർപ്പെടുത്തി. ബ്രാൻഡിന്റെ കിംചി ഉത്പന്നങ്ങൾ കടകളിൽ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തു. ദക്ഷിണ കൊറിയക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് കിംചി. നമ്മുടെ നാട്ടിൽ അച്ചാറുകളെ പോലെ ദക്ഷിണ കൊറിയൻ ഭക്ഷണ ശീലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കിംചി മറ്റ് വിഭവങ്ങൾക്കൊപ്പമോ അല്ലാതെയുമൊക്കെ ഉപയോഗിക്കുന്നു. പുളിപ്പിച്ചെടുത്ത കാബേജ്, റാഡിഷ്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം മസാലപ്പൊടികൾ ചേർത്തുണ്ടാക്കുന്ന കിംചിയ്ക്ക് ഉപ്പും എരിവും പുളിയും ചേർന്ന വ്യത്യസ്ത രുചിയാണ്.