baba

ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ ആഘോഷവും കളിക്കാരുടെ വിവിധ ചിത്രങ്ങളും വളരെവേഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇക്കൂട്ടത്തിൽ കൊഹ്‌ലിയുടെ ഫോണിന്റെ വാൾപേപ്പർ ചിത്രവും ശ്രദ്ധ നേടിയിരുന്നു. ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ആചാര്യന്റെതായിരുന്നു ഇത്.

നീം കരോലി ബാബ എന്നറിയപ്പെടുന്ന അരനൂറ്റാണ്ട് മുൻപ് ഉത്തർ പ്രദേശിലെ വൃന്ദാവനിൽ ജീവിച്ചിരുന്ന ഒരു മിസ്‌റ്റിക് സന്യാസിയുടേതായിരുന്നു ആ വാൾപേപ്പർ ചിത്രം. ആരായിരുന്നു ഈ ബാബ? ആരെല്ലാമാണ് ബാബയുടെ ശിഷ്യർ? ഇക്കാര്യങ്ങൾ ഇവിടെ പരിശോധിക്കാം. ഹൈന്ദവ വിശ്വാസപ്രകാരം മൂന്ന് തരം പ്രാർത്ഥനാ രീതികളാണുള്ളത്. ക‌ർമ്മ യോഗം, ഭക്തി യോഗം, ജ്ഞാന യോഗം. ഇതിൽ രണ്ടാമത്തേതായ ഭക്തി യോഗം ആചരിച്ചുവന്നിരുന്ന യോഗിയായിരുന്നു നീം കരോലി ബാബ.

പരമമായ മോക്ഷത്തിന് വേണ്ട മാർഗമാണ് ഭക്തിയോഗം എന്നത്. ഒരു ഇഷ്‌ട ദൈവത്തെ ആരാധിക്കുന്ന സമ്പ്രദായം ആയിരുന്നു ഇത്. വലിയ ഹനുമാൻ ഭക്തനായിരുന്നു നീം കരോലി ബാബ. ആ ആരാധന അദ്ദേഹത്തിന് വിദേശരാജ്യങ്ങളിൽ നിന്നടക്കം നിരവധി ആരാധകരെ നേടിക്കൊടുത്തു.

അമേരിക്കയിലെ യോഗ ഗുരു ബാബ രാം ദാസ്, ഗായകനായ ഭഗവൻ ദാസ്,അമേരിക്കയിലെ ടിബറ്റൻ ബുദ്ധമത ആചാര്യൻ സൂര്യദാസ് തുടങ്ങി നിരവധി ശിഷ്യർ അദ്ദേഹത്തിന് വിദേശരാജ്യങ്ങളിലുണ്ട്. ഇതിനുപുറമേ അദ്ദേഹത്തെ ഗുരുവായി കാണുന്ന ലക്ഷങ്ങളും.

സ്റ്റീവ് ജോബ്‌സും സക്കർബർഗും മുതൽ കൊഹ്‌ലി വരെ

ലോകത്തിലെ നാനാ മേഖലകളിൽപെട്ട പ്രമുഖർ ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും നീം കരോലി ബാബയുടെ ആശ്രമത്തിലെത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടു. ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോ‌ബ്‌സ് അദ്ദേഹത്തിന്റെ സുഹൃത്തായ ഡാൻ കോ‌ട്‌കെയും 1974ൽ ഹിന്ദുമതം എന്തെന്ന് പഠിക്കാൻ ഇന്ത്യയിലെത്തി. നീം കരോലി ബാബയെക്കുറിച്ചറിഞ്ഞ അവർ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചെങ്കിലും അപ്പോഴേക്കും ബാബ സമാധിയായിരുന്നു.

ashram

സ്‌റ്റീവ് ജോബ്‌സിന്റെ അനുഭവം അറിഞ്ഞ മെറ്റ തലവൻ മാർക് സക്കർബർഗ് 2015ൽ ബാബയുടെ കൈനാച്ചിയിലെ ആശ്രമം സന്ദർശിച്ചു. മെറ്റ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഇത്. ഹോളിവുഡ് താരം ജൂലിയ റോബർട്‌സ് ഹിന്ദുമതത്തിനോട് അടുത്തത് ബാബ കാരണമാണ്. ബാബയുടെ ചിത്രം കണ്ട് അദ്ദേഹം ആരെന്നന്വേഷിച്ച ജൂലിയ വൈകാതെ അദ്ദേഹത്തെ ഗുരുവാക്കി.

kohli

ഇന്ത്യൻ ക്രിക്കറ്റ്ടീം മുൻ നായകൻ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌ക ശ‌ർമ്മയും ബാബയുടെ കടുത്ത ആരാധകരാണ്. 2023ൽ കൊഹ്‌ലിയും അനുഷ്‌കയും ബാബയുടെ ആശ്രമം സന്ദർശിച്ചു.കൊഹ്ലി ഇവിടെ അൽപനേരം കണ്ണടച്ചിരുന്ന് പ്രാർത്ഥിക്കുകയും ചെയ്‌തു. പിന്നീടും അനുഷ്‌ക ശർമ്മ ആശ്രമത്തിൽ എത്തിയിരുന്നു.

ആരാണ് നീം കരോലി ബാബ?

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉത്തർപ്രദേശിലെ അക്‌ബർപുരിയിൽ ജനിച്ച ലക്ഷ്‌‌മൺ നാരായൺ ശർമ്മയാണ് നീം കരോലി ബാബയായി മാറിയത്. ഹനുമാനെ ആരാധിക്കുന്ന അദ്ദേഹം ഹനുമാന്റെ അവതാരം ആണെന്നാണ് ചില ശിഷ്യർ കരുതുന്നത്. 1958ൽ വീടുവിട്ടിറങ്ങിയ ലക്ഷ്‌മൺ നാരായൺ ശർമ്മനീം കരോലി എന്ന ഗ്രാമത്തിലെത്തിയെന്നും ഇവിടെവച്ച് അദ്ദേഹം പ്രശസ്‌തനായി എന്നെല്ലാമാണ് കഥ.

1960-70കളിൽ നിരവധി അമേരിക്കക്കാർ ബാബയുടെ മഹത്വമറിഞ്ഞ് കൈനാച്ചിയിലെ ആശ്രമത്തിൽ എത്തി. വൃന്ദാവനത്തിലും അമേരിക്കയിലുമടക്കം അദ്ദേഹം ആശ്രമങ്ങൾ സ്ഥാപിച്ചു. 1973 സെപ്‌തംബർ 11നാണ് ബാബ അന്തരിച്ചത്. അദ്ദേഹത്തിന്റെ പ്രധാന ആശ്രമം കൈനാച്ചി ധാം ആണ്.