കൃഷ്ണകുമാറും ഞാനും സ്‌കൂൾ സതീർത്ഥ്യരാണ്. അയാൾ പേരുകേട്ട വക്കീൽ. സ്‌കൂൾ വിട്ടിട്ടും വ്യത്യസ്ത തൊഴിൽരംഗങ്ങളിലായിട്ടും ഞങ്ങളുടെ സൗഹൃദം അഭംഗുരം തുടർന്നു. വിശേഷാവസരങ്ങളിലും യാത്രകളിലുമൊക്കെ ഞങ്ങൾ പരസ്പരം കണ്ട് സന്തോഷം കൈമാറും. ഒരു ദിവസം വൈകുന്നേരം അവിചാരിതമായി കൃഷ്ണകുമാർ ആശുപത്രി ക്വാർട്ടേഴ്‌സിലേക്ക് കടന്നുവന്നു. ഒരു കേസ് സംബന്ധമായി എറണാകുളത്തേക്കു പോകുന്ന വഴിയാണ്.
പ്രശസ്തമായ ഹോട്ടലിൽ നിന്നുള്ള സ്‌പെഷ്യൽ പാഴ്സലും കരുതിയാണ് കക്ഷിയുടെ വരവ്! കൃഷ്ണകുമാറിന്റെ കൈയിൽ ഒരു കുപ്പി ബിയറുമുണ്ടായിരുന്നു. 'എടേയ്, ഇതൊന്ന് അടിക്കണമല്ലോ. നീ കഴിക്കൂല്ലെന്ന് അറിയാം. വെറുതെ ഭക്ഷണവും കഴിച്ച് നീ കൂടെയിരുന്നാൽ മതി. ഇവിടെ പറ്റുമോ?"
'രോഗികൾ എപ്പോൾ വേണമെങ്കിലും ക്വാർട്ടേഴ്സിൽ കടന്നുവരാം. രോഗിയുടെ കൂടെ അറ്റൻഡറും നഴ്‌സുമുണ്ടാകും. അവരറിഞ്ഞാൽ ആശുപത്രി സൂപ്രണ്ട് അറിയും. എന്തായാലും ക്വാർട്ടേഴ്‌സിൽ
പറ്റില്ല..." ഞാൻ തീർത്തു പറഞ്ഞു.
അപ്പോൾ എന്തു ചെയ്യും? വെറുമൊരു കുപ്പി നിരുപദ്രവിയായ ബിയർ. അതും അവധി ദിവസം! കൃഷ്ണകുമാറിന്റെ മൂഡ് കളയേണ്ടെന്നു കരുതി ഞാനൊരു ആശയം അവതരിപ്പിച്ചു. 'ഇവിടെ അടുത്തൊരു വർഗീസ് ചേട്ടനുണ്ട്. പുള്ളിക്കാരൻ എപ്പോഴും എന്നെ ക്ഷണിക്കും, ഒന്നു കൂടാൻ. അന്നമ്മച്ചേട്ടത്തി വക നല്ല ബീഫ് പെരട്ട് ഉണ്ടെന്നു പറഞ്ഞ് പ്രലോഭിപ്പിക്കും. മദ്യം കഴിക്കാത്തതുകൊണ്ട് ഞാൻ പോകാറില്ല. അവിടെപ്പോയാലോ?"
അവന്റെ കണ്ണുകൾ വിടർന്നു. അപ്പോയിൻമെന്റ് മുൻകൂട്ടി എടുത്തുകൊണ്ട് ഞങ്ങൾ വർഗീസു ചേട്ടന്റെ വീട്ടിലെത്തി. ചേട്ടന് പെരുത്തു സന്തോഷം. പെരട്ടുകളും വറുവലും എപ്പോഴും ചേട്ടന്റെ വീട്ടിൽ സ്റ്റോക്കുള്ളതുകൊണ്ട് ഒരു കുറവും വരുത്താതെ ചേട്ടനും അന്നമ്മച്ചേട്ടത്തിയും ഞങ്ങളെ സത്കരിച്ചു. കൃഷ്ണകുമാറിന്റെ സ്‌പെഷ്യൽ പാഴ്സൽ കൂടിയായപ്പോൾ ഉഷാർ!
അങ്ങനെ മദ്യനയത്തിന് പിന്തുണ പ്രഖ്യാപിച്ച് കൃഷ്ണകുമാറും വർഗീസ് ചേട്ടനും, അതിനെ അനുകൂലിച്ച് അന്നമ്മച്ചേട്ടത്തിയും. മദ്യവർജ്ജന ലക്ഷ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞാനും 'ഇവന്റ്" നന്നായി ആസ്വദിച്ചു!
ഞങ്ങളുടെ കൂടൽ കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞാണ് അതു സംഭവിച്ചത് ! രാത്രി നാലും കൂട്ടി അത്താഴം കഴിച്ച് അന്നമ്മച്ചേട്ടത്തിക്കൊപ്പം സുഖനിദ്രയിലാണ്ട വർഗീസ് ചേട്ടൻ പിന്നെ ഉണർന്നില്ല. സുഖമരണം!
രാവിലെ തന്നെ ആശുപത്രി ജീവനക്കാർ പറഞ്ഞ് ഞാൻ വിവരമറിഞ്ഞു. ഉടൻ കൃഷ്ണകുമാറിനെ വിളിച്ചു പറഞ്ഞു. വളരെ സെന്റിമെന്റൽ കക്ഷിയാണ് കൃഷ്ണകുമാർ. അയാൾ ഉടനെ പ്രതികരിച്ചു: 'ഞാൻ വർഗീസ് ചേട്ടനെ കാണാൻ വരുന്നുണ്ട്. നമുക്കൊരുമിച്ചു പോകാം.... "
അങ്ങനെ ആശുപത്രിയിലെ ജോലിയൊക്കെ വേഗം ഒതുക്കി, പാഞ്ഞുവന്ന കൃഷ്ണകുമാറിനെയും കൂട്ടി ഞങ്ങൾ മരണവീട്ടിലെത്തി. കൂടെ ചില ആശുപത്രി ജീവനക്കാരും. വർഗീസ് ചേട്ടൻ പരോപകാരിയും സ്‌നേഹസമ്പന്നനും സർവോപരി നല്ലൊരു രസികനും ആയിരുന്നതിനാൽ മരണവീട്ടിൽ നല്ല ആൾക്കൂട്ടം. ലോക്കൽ ഡോക്ടർ എന്ന നിലയിൽ എന്നെയും പലർക്കും അറിയാമായിരുന്നു; എനിക്ക് അവരെയും.
ഞങ്ങൾ ഒരു റീത്തും കരുതിയിരുന്നു. ഹാളിൽ വർഗീസ് ചേട്ടൻ ഒരു നേർത്ത ചലനത്തിന്റെ നിഴൽ പോലുമേൽക്കാതെ അവസാനനിദ്രയിലാണ്ടു കിടക്കുന്നു. മുഖത്ത് ശാന്തത. ഒരു ചെറിയ പുഞ്ചിരിയും. തൊട്ടടുത്ത് അന്നമ്മച്ചേട്ടത്തി കരഞ്ഞു തളർന്നിരിക്കുന്നു. ചേട്ടന്റെ കാൽക്കൽ റീത്തുവച്ച് ഞാനും കൃഷ്ണകുമാറും ദുഖഭാരത്തോടെ കൈകൂപ്പി നിന്നു.
അപ്പോഴാണ് അതുണ്ടായത്. ഞങ്ങളെ നോക്കിക്കൊണ്ട് അന്നമ്മച്ചേട്ടത്തി നിലവിളിക്കാൻ തുടങ്ങി. 'അയ്യോ.... ഇതാരാ വന്നു നിൽക്കുന്നതെന്നു നോക്കിയേ അച്ചായാ.... നമ്മുടെ ഡോക്ടറും വക്കീൽ സാറും വന്നതു കണ്ടില്ലേ..."
ഞങ്ങൾ കരുതി, സ്വാഭാവികം! നല്ല വിഷമം കാണും. പക്ഷേ അടുത്ത ഒരു ഡയലോഗ്! 'കഴിഞ്ഞയാഴ്ച നിങ്ങളോടൊപ്പം കള്ളുകുടിച്ച ഡോക്ടറും വക്കീലുമല്ലേ അച്ചായാ.... കണ്ണു തുറന്ന് നോക്കിയേ..."
ഞങ്ങൾ വിയർക്കാൻ തുടങ്ങി! ആൾക്കാരെല്ലാം ഞങ്ങളെ നോക്കുന്നു! ചിലർ ഗൗരവത്തിൽ! ചിലർ ചിരിക്കുന്നുണ്ടോ എന്നൊരു സംശയം! അതും പോരാഞ്ഞ് ഞങ്ങളെ നോക്കി അന്നമ്മച്ചേട്ടത്തിയുടെ വക ഒടുക്കത്തെ ഒരു ചോദ്യവും: 'ഇനി നിങ്ങള്‍ ആരോടൊത്ത് കള്ളു കുടിക്കും സാറന്മാരേ...?" പിന്നെ ഞങ്ങൾക്കൊന്നും ഓർമ്മയില്ലായിരുന്നു. ആരോ താങ്ങിപ്പിടിച്ച് ഞങ്ങളെ ക്വാർട്ടേഴ്‌സിൽ കൊണ്ടുവന്നു കിടത്തിയെന്നാണ് പിന്നീടറിഞ്ഞത്!