തിരുവനന്തപുരം: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഈ മാസം 25ന് പുറത്ത് വിട്ടേക്കും. റിപ്പോർട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് മന്ത്രി സജി ചെറിയാൻ ഇന്ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചാൽ തിരിച്ചടി കിട്ടുമെന്നാണ് നിയമോപദേശം. ജൂലായ് 23നകം അപേക്ഷകരിൽ നിന്ന് ഫീസ് വാങ്ങി 25നകം വിവരം നൽകണമെന്നും 26ന് സാംസ്‌കാരിക വകുപ്പിന്റെ നടപടിയുടെ റിപ്പോർട്ട് കമ്മിഷന് സമർപ്പിക്കണമെന്നും വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഉറപ്പ് വരുത്തണം. വിവരം കൈമാറാത്ത പക്ഷം സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അപ്പീൽ അധികാരി എന്നിവർ ജൂലായ് 27ന് കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകണം. ഇതൊഴിവാക്കാനാവും സർക്കാർ ശ്രമിക്കുക.
സിനിമ മേഖലയുമായി ബന്ധപ്പെട്ട് 60ഓളം വനിതകളുടെ മൊഴിയും സാക്ഷി മൊഴിയും രേഖപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വെളിപ്പെടുത്താനും പരിഹാര നടപടികൾക്കും സർക്കാർ തയ്യാറായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവിൽ വന്നത് ഡബ്ല്യു.സി.സി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിന് ശേഷമായിരുന്നു.
റിപ്പോർട്ട് പഠിക്കാൻ ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചെങ്കിലും റിപ്പോർട്ട് അക്കാഡമിക്ക് ലഭ്യമാക്കിയില്ല. സമിതിയുടെ രൂപീകരണവും നടന്നില്ല. കമ്മിറ്റി റിപ്പോർട്ട് ചോരുമെന്ന ആശങ്കയായിരുന്നു കാരണം.