വെള്ള വസ്ത്രങ്ങളണിഞ്ഞ് വെട്ടിയൊതുക്കിയ മുടിയുമായി ഒരു യുവതി ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് കീർത്തിചക്ര പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയെ. രാജ്യത്തിനായി ജീവൻ ത്യജിച്ച ഒരു സൈനികന്റെ വീരമൃത്യുവിൽ പത്നി ധീരതയുടെ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണത്.
ക്യാപ്‌ടൻ അൻഷുമൻ സിംഗിന്റെ പത്നി സ്‌മൃതി സിംഗ്, മാതാവ് മഞ്ജു സിംഗ് എന്നിവരാണ് ചിത്രത്തിലുള്ളത്. 2023 ജൂലായിൽ സിയാച്ചിനിൽ നടന്ന തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ക്യാപ്‌ടൻ അൻഷുമൻ വീരമൃത്യു വരിച്ചത്. സ്‌മൃതി സിംഗ് പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രാലയവും പങ്കുവച്ചിട്ടുണ്ട്. പുരസ്‌കാര വേദിയിൽ തന്റെ ഭർത്താവിന്റെ ധീരപ്രവൃത്തിയെ സ്മരിച്ചുകൊണ്ട് സ്‌മൃതി സിംഗ് പങ്കുവച്ച വാക്കുകളാണ് ഏറെ ശ്രദ്ധനേടുന്നത്.
'ഞാനൊരു സാധാരണ മരണം വരിക്കില്ലെന്നും നെഞ്ചിൽ ചിഹ്നങ്ങളും നെയിം പ്ളേറ്റ് ഉൾപ്പെടെ അണിഞ്ഞായിരിക്കും മരണമെന്നും അദ്ദേഹം എന്നോട് എപ്പോഴും പറയുമായിരുന്നു. എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ ദിനത്തിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. അത് ആദ്യ കാഴ്‌ചയിലെ പ്രണയമായിരുന്നു. അദ്ദേഹം പിന്നീട് ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഞങ്ങളുടേത് ദീർഘദൂര പ്രണയമായിരുന്നു. എട്ടുവർഷം പ്രണയിച്ചതിനുശേഷം വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ വിവാഹിതരായി രണ്ടുമാസത്തിനുശേഷം അദ്ദേഹത്തിന് സിയാച്ചിനിൽ പോസ്റ്റിംഗ് ലഭിച്ചു. ജൂലായ് 18ന് ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചു. അടുത്ത 50 വർഷം ഞങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് സംസാരിച്ചു. ഒരു വീട് വയ്ക്കണം, കുഞ്ഞുങ്ങളുമൊത്ത് ജീവിക്കണം എന്ന് സ്വപ്‌നം കണ്ടു. എന്നാൽ ജൂലായ് 19ന് രാവിലെ എനിക്കൊരു ഫോൺ കോൾ വരികയും അദ്ദേഹം മരണപ്പെട്ടതായി അറിയിക്കുകയും ചെയ്തു.
അടുത്ത ഒരു ഏഴെട്ട് മണിക്കൂറോളം അങ്ങനെയൊരു കാര്യം സംഭവിച്ചതായി ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിച്ചില്ല. ഇന്നും ഞാൻ അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. നടന്നത് സത്യമല്ലെന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ എന്റെ കയ്യിലിരിക്കുന്ന കീർത്തിചക്ര എന്നെ ഓർമ്മിപ്പിക്കുന്നത് അത് സത്യമാണെന്നാണ്.
അദ്ദേഹം ഒരു ഹീറോയാണ്. അദ്ദേഹം പലതും കൈകാര്യം ചെയ്‌തതിനാൽ നമുക്ക് നമ്മുടെ കുഞ്ഞ് ജീവിതവും കൈകാര്യം ചെയ്യാൻ കഴിയും. അദ്ദേഹം സ്വന്തം ജീവിതവും കുടുംബത്തെയും ത്യജിച്ചത് മറ്റ് കുടുംബങ്ങളെ രക്ഷിക്കാനാണ്'- നിറകണ്ണുകളോടെ സ്‌മൃതി സിംഗ് പറഞ്ഞു.
എഎഫ്എംസിയിൽ നിന്ന് ബിരുദം നേടിയ ശേഷം 2023 ഫെബ്രുവരിയിലാണ് ക്യാപ്റ്റൻ അൻഷുമൻ സിംഗും സ്‌മൃതിയും വിവാഹിതരായത്. 2023 ജൂലായ് 22ന് ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ ഭഗൽപൂരിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ക്യാപ്റ്റൻ സിംഗിനെ അടക്കം ചെയ്തത്.
Cpt #AnshumanSingh was awarded #KirtiChakra (posthumous). It was an emotional moment for his wife & Veer Nari Smt Smriti who accepted the award from #President Smt #DroupadiMurmu. Smt Smriti shares the story of her husband's commitment & dedication towards the nation. Listen in! pic.twitter.com/SNZTwSDZ1Z
— A. Bharat Bhushan Babu (@SpokespersonMoD) July 6, 2024