തൃശൂർ: തൃശൂർ മേയർ എം കെ വർഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മുൻധാരണപ്രകാരം മേയർ സ്ഥാനം രാജി വച്ച് മുന്നണിയിൽ തുടരാൻ എം കെ വർഗീസ് തയാറാകണമെന്നാണ് കെ കെ വത്സരാജ് ആവശ്യപ്പെട്ടത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി വിമർശിച്ചു. കൂടാതെ തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിയെന്നും വിലയിരുത്തി. എന്നാൽ രാജി ആവശ്യപ്പെട്ട കാര്യം അറിഞ്ഞിട്ടില്ലെന്നാണ് മേയറുടെ മറുപടി.
തൃശൂർ മേയർക്ക് ബിജെപിയുമായി അടുപ്പം കൂടുതലാണെന്ന് സിപിഐക്ക് നേരത്തെ പരാതി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സുരേഷ് ഗോപി നേരിട്ടെത്തി മേയറെ കണ്ട് വോട്ട് ചോദിച്ചത് അന്ന് വലിയ ചർച്ചയായിരുന്നു.
സുരേഷ് ഗോപി എം പിയാകാൻ ഫിറ്റായ വ്യക്തിയാണെന്നായിരുന്നു മേയറുടെ അന്നത്തെ കമന്റ്. സുരേഷ് ഗോപി കോർപറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകിയെന്നും ജനങ്ങൾക്കിടയിൽ നിൽക്കുന്ന ആളാണെന്നും എം കെ വർഗീസ് അന്ന് പുകഴ്ത്തിയിരുന്നു. എന്നാൽ ഇത് വിവാദമായതോടെ മൂന്ന് സ്ഥാനാർത്ഥികളും ഫിറ്റാണെന്ന് പ്രസ്താവന തിരുത്തി.
സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് എം കെ വർഗീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്നും മേയർ 'കേരള കൗമുദിയോട്' പറഞ്ഞത്. കഴിഞ്ഞദിവസം തൃശൂരിൽ നടന്ന ചടങ്ങിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മേയർ എം കെ വർഗീസ് പുകഴ്ത്തിയതും മറുപടിയും ഏറെ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മേയർ എം കെ വർഗീസ് നിലപാട് വ്യക്തമാക്കിയത്.
താൻ ബി ജെ പിയിലേക്ക് പോകുന്നുവെന്ന വാർത്ത തെറ്റാണ്. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നു. സി പി എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. കോർപറേഷന്റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി എത്തിയാൽ പോകാൻ താൻ ബാദ്ധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.