പൂച്ചാക്കൽ: ദളിത് യുവതിയെ അയൽവാസി ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പരാതി നൽകിയിട്ടും പൂച്ചാക്കൽ പൊലീസ് ആദ്യം കേസ് എടുത്തില്ലെന്ന് യുവതി ആരോപിച്ചു.

തൈക്കാട്ടുശേരി പതിനഞ്ചാം വാർഡ് അഞ്ചുപുരക്കൽ വീട്ടിൽ നിലാവ് എന്ന യുവതിയെ കൈതവിള വീട്ടിൽ ഷൈജു മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷൈജുവിന്റെ മകനും നിലാവിന്റെ സഹോദരന്മാരും തമ്മിൽ കളിക്കുന്നതിനിടയിൽ ഇന്നലെ തർക്കമുണ്ടായിരുന്നു. തുടർന്ന് നിലാവ് പൊലീസിൽ പരാതി നൽകി. ഇതിനിടെ ഷൈജുവിന്റെ വീട്ടിൽ ഇക്കാര്യം ചോദ്യം ചെയ്യാൻ നിലാവെത്തിയപ്പോൾ വീണ്ടും തർക്കമുണ്ടാവുകയായിരുന്നു. ഇവിടെനിന്ന് മടങ്ങുമ്പോൾ റോഡിൽ വച്ച് ഷൈജു മർദ്ദിച്ചെന്നാണ് നിലാവിന്റെ പരാതി. എന്നാൽ നിലാവ് തന്റെ മകളെയും ഭാര്യാമാതാവിനെയും മർദ്ദിച്ചതായി ഷൈജു പറഞ്ഞു.

പരാതിയിൽ അന്വേഷിച്ചില്ലെന്നത് വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും പൂച്ചാക്കൽ പൊലീസ് അറിയിച്ചു.