ഉദുമ: തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പണം കവർന്ന കേസിൽ മറ്റൊരു കവർച്ചാക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പൊലീസ് ചോദ്യം ചെയ്തു. ബന്തിയോട് അടുക്കയിലെ ബഷീർ അലി (25)യെയാണ് കോടതി ചോദ്യം ചെയ്യാനായി ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രി തൃക്കണ്ണാട് പെട്രോൾ പമ്പിന് സമീപം ശിവദത്തിലെ ശ്രീവള്ളിയുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കുമായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബേക്കൽ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ശ്രീവള്ളിയുടെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് അലമാരയ്ക്കുള്ളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ബാങ്ക് ലോക്കറിന്റെ താക്കോലുമാണ് കവർന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണാരംഭിച്ച ബേക്കൽ പൊലീസിന് വെളുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ച രണ്ടുപേർ വീടിന്റെ ചവിട്ടുപടി കയറുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. മറ്റ് വിവിധ കവർച്ചാക്കേസുകളുമായി ബന്ധപ്പെട്ട് കേസിൽ കുമ്പള പൊലീസിന്റെ പിടിയിലായ ബഷീർ അലിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് തൃക്കണ്ണാട്ടെ കവർച്ചയുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞത്.
ഈ കേസിൽ ബഷീറലിയുടെ കൂട്ടാളികളായ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണ്. ബേക്കൽ ഇൻസ്‌പെക്ടർ എസ്. അരുൺഷാ, എസ്.ഐ എം.ബാലചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ സത്യപ്രകാശ് എന്നിവരാണ് തൃക്കണ്ണാട് കവർച്ചാകേസിൽ അന്വേഷണം നടത്തുന്നത്. പ്രതിയെ പൊലീസ് കവർച്ച നടന്ന തൃക്കണ്ണാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ ആറുമാസത്തിനിടെ 15ൽപരം കവർച്ചകൾ നടത്തിയ സംഘത്തിന്റെ തലവനാണ് ബഷീർ അലിയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. അലി മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, ബേക്കൽ, കർണ്ണാടക പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് 15ലേറെ കവർച്ചകൾ നടത്തിയത്.