കൊല്ലം: ലോക് സഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗത കമ്മ്യൂണിസ്റ്റ് വോട്ടുകൾ ബി.ജെ.പിയിലേയ്ക്ക് പോയത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരമ്പരാഗത വോട്ടുകൾ ബി.ജെ.പിയിലേയ്ക്ക് പോയെന്ന് സി.പി.എം കേന്ദ്ര - സംസ്ഥാന കമ്മിറ്റികൾ അംഗീകരിച്ചിരിക്കുകയാണെന്നും യോഗം വിലയിരുത്തി.
കൊല്ലത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ബി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി "ഹർ ഘർ നേതാജി " ക്യാമ്പയിൻ സംഘടിപ്പിക്കാനും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ ആരംഭിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.