യൂറോ കപ്പ് ഒന്നാം സെമി ഇന്ന്
മ്യൂണിക്ക്: യൂറോ കപ്പിന്റെ പതിനേഴാം പതിപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് രാത്രി അറിയാം. ഇന്ത്യൻ സമയം ബുധനാഴ്ചപുലർച്ചെ 12.30ന് തുടങ്ങുന്ന ഇത്തവണത്തെ യൂറോയിലെ ആദ്യ സെമിഫൈനലിൽ സ്‌പെയിനും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടും. വിഖ്യാത ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെഹോം ഗ്രൗണ്ടായ അല്ലിയൻസ് അരീനയിലാണ് മത്സരം. ക്വാർട്ടറിൽ ആതിഥേയരായ ജർമ്മനിയെ എക്സ്ട്രാ ടൈമിൽ മെറീനോ നേടിയ ഗോളിൽ കീഴടക്കിയാണ് സ്‌പെയിൻ സെമിക്ക് യോഗ്യത നേടിയത്. സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെതിരായ ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടിയാണ് ഫ്രാൻസ് സെമി കളിക്കാനെത്തിയത്.
ടൂർണമെന്റിൽ ഇതുവരെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് സ്‌പെയിൻ. മരണ ഗ്രൂപ്പെന്നറിയപ്പെട്ട ബി ഗ്രൂപ്പിൽ നിന്ന് എതിരാളികളുടെ വിലയിൽ 5 ഗോളുകൾ നിക്ഷേപിച്ച് ഒന്നാം സ്ഥാനക്കാരായാണ് സ്‌പെയിൻ നോക്കൗട്ടിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒറ്റഗോളും വഴങ്ങിയില്ലവർ ലൂയിസ് ഡെ ലാ ഫ്യുയന്റെയുടെ ശിക്ഷണത്തിൽ ടിക്കി ടാക്ക ഉപേക്ഷിച്ച് നേരിട്ട് ആക്രമിക്കുന്ന പുത്തൻ ശൈലിയിൽ എതിരാളികളെ തരിപ്പണമാക്കിയാണ് ഇത്തവണ സ്‌പെയിനിന്റെ പടയോട്ടം. ഇരുവിംഗുകളിലുമായി പതിനാറുകാരൻ ലെമിൻ യമാലും ഇരുപത്തിയൊന്നുകാരൻ നികോ വില്യംസും അവരുടെ മുന്നേറ്റങ്ങളുടെ കുന്തമുനയുമാകുന്നു. മദ്ധ്യനിരയിൽ റോഡ്രിയാണ് സ്പെയിനിന്റെ എൻജിൻ.
മറുവശത്ത് ഫ്രാൻസ് ഇതുവരെ യഥാർത്ഥ മികവിലേക്ക് ഉയർന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥനക്കാരായാണ് അവർ നോക്കൗട്ടിൽ എത്തിയത്. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ മുഖത്തിന് പരിക്കേറ്റ സൂപ്പർതാരം എംബാപ്പെ മുഖംമൂടിയണിഞ്ഞാണ് നിലവിൽ കളിക്കുന്നത്. താരത്തിന് ഇതുവരെ ഫോമലേക്ക് ഉയരാനായിട്ടില്ല. എംബാപ്പെയ്ക്കൊപ്പം ഗ്രീസ്മാൻ, ഡെംബലെ, കോളോ മുവാനി തുടങ്ങിയ ലോകോത്തര താരങ്ങൾ ഉണ്ടെങ്കിലും ഫിനിഷിംഗിൽ വലിയ പിഴവുകളാണ് ഫ്രാൻസ് വരുത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ബിഗ് മാച്ചുകളിൽ എപ്പോഴും മികച്ച പ്രകടനം നടത്താറുള്ള ഫ്രാൻസ് ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.