കാഞ്ഞങ്ങാട് : കാസർകോട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കടയ്ക്ക് പൂട്ടിട്ട് പഞ്ചായത്ത് അധികൃതർ. പഴവും പച്ചക്കറിയും വിൽക്കുന്ന കടയുടെ മറവിലായിരുന്നു ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്, മൂളിയാർ പഞ്ചായത്തിലെ ഫ്രൂട്സ് കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പരിശോധനയിൽ കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കടയുടെ ലൈസൻസ് റദ്ദാക്കിയത്.
റേഞ്ച് ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക എക്സൈസ് സംഘം കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഈ കടയിൽ നിന്ന് 3 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും ജൂൺ ഒന്നിന് 2.9 കിലോഗ്രാം പുകയില ഉത്പന്നങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് റേഞ്ച് ഇൻസ്‌പെക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് കടയുടെ ലൈസൻസ് റദ്ദാക്കാൻ കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പെരുമ്പാവൂർ തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയ പശ്ചിമബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42) പിടിയിലായിരുന്നു ഇയാളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും ത്രാസും 36500 രൂപയും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന പ്രതിയെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ബംഗാളിൽ നിന്ന് ട്രെയിൻ വഴിയെത്തിച്ച് പ്രത്യേകം പൊതികളിലാക്കിയായിരുന്നു വില്പന. ബംഗാളിൽ നിന്ന് കിലോയ്ക്ക് 9000 രൂപയ്ക്ക് വാങ്ങി ഇവിടെ 30000 രൂപയ്ക്കാണ് വിറ്റിരുന്നത്.