സിംഗപ്പൂർ സിറ്റി: ചീവീട്, പുൽച്ചാടി, മീൽവേം (ഒരുതരം കരിവണ്ടിന്റെ ലാർവ), പട്ടുനൂൽപ്പുഴു, വെട്ടുകിളി എന്നിവയടക്കം 16 സ്പീഷീസിലെ പ്രാണികളെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അനുമതി നൽകി സിംഗപ്പൂർ ഫുഡ് ഏജൻസി (എസ്.എഫ്.എ). പ്രോട്ടീൻ സമ്പുഷ്ടമായ ഇവ ആന്റി ഓക്സിഡന്റ്സും അയൺ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറയാണെന്നും അധികൃതർ പറയുന്നു.
പ്രഖ്യാപനം നിലവിൽ വന്നു. ഇത്തരം പ്രാണികളെയും പ്രാണികളുടെ ഉത്പന്നങ്ങളെയും ഇറക്കുമതി ചെയ്യാം. മനുഷ്യർക്കും മൃഗങ്ങൾക്കും ഉപഭോഗത്തിന് കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
പ്രഖ്യാപനത്തിന് പിന്നാലെ ചൈന, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്ന് പ്രാണികളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ വിതരണക്കാർ. അതേ സമയം, എസ്.എഫ്.എയുടെ കർശന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു വേണം ഈ പ്രാണികളെ ഉപയോഗിക്കാൻ. വനത്തിൽ നിന്ന് പ്രാണികളെ പിടികൂടാൻ പാടില്ല. പ്രാണികൾ തീൻമേശയിലെത്തുന്നതോടെ വരുമാനം കുത്തനേ ഉയർന്നേക്കുമെന്ന പ്രതീക്ഷയിലാണ് റെസ്റ്റോറന്റ് ഉടമകൾ.