fish

മീന്‍ വിഭവങ്ങളില്ലാതെ ഊണ് കഴിക്കുന്നത് മലയാളിക്ക് അത്ര സുഖകരമല്ല. സ്വാദും ഒപ്പം ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണം എന്ന നിലയിലും മത്സ്യം അത്രമേല്‍ പ്രിയപ്പെട്ടതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും ഇഷ്ടംപോലെ അടങ്ങിയിട്ടുണ്ട് മത്സ്യങ്ങളില്‍. സിങ്ക്, കാല്‍ഷ്യം, മഗ്നീഷ്യം എന്നിവയും മത്സ്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോള്‍ നാം കഴിക്കുന്ന മത്സ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവന് പോലും ആപത്ത് സംഭവിക്കാന്‍ സാദ്ധ്യതയുള്ളതുമാണ്.

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മീനിന്റെ വരവ് വര്‍ദ്ധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ മീന്‍ ലഭ്യത കുറഞ്ഞ സാഹചര്യം മുതലെടുക്കുകയാണ് അന്യസംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍. തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവാണ് ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന മീനുകള്‍ വാങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മീനുകള്‍ പലപ്പോഴും കൃത്യമായി ശീതീകരിക്കാത്തവയും വ്യാപകമായി രാസവസ്തുക്കള്‍ തളിക്കുന്നവയുമാണ്. ഈ മത്സ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. വയറിളക്കം, ഛര്‍ദ്ദി എന്നിവ മാത്രമല്ല അമിതമായി രാസവസ്തു തളിച്ച മത്സ്യം കഴിക്കുന്നത് ജീവന് പോലും ആപത്ത് വരുത്താം. ലോറികളില്‍ കൊണ്ടുവരുന്നതിന് പുറമേ ഇപ്പോള്‍ ട്രെയിനില്‍ പോലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ട്.

ആഭ്യന്തര വിപണിയില്‍ മീനിന്റെ ലഭ്യത കുറഞ്ഞതോടെ ലോറിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവയില്‍ ദിവസങ്ങളോളം കേട് വരാതിരിക്കാന്‍ വലിയ അളവില്‍ മരുന്ന് ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന അതിര്‍ത്തിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും രാസമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിയാറില്ല. അതിര്‍ത്തിയിലെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണം.

ദിവസങ്ങളോളം കേട് വരാതിരിക്കാനായി ഉപയോഗിക്കുന്ന രാസമരുന്നുകള്‍ ലബോറട്ടറിയിലെ സൂക്ഷ്മ പരിശോധനയില്‍ മാത്രം കണ്ടെത്താന്‍ കഴിയുന്നവയും ഉണ്ട്. അതുകൊണ്ട് തന്നെ രാസവസ്തുക്കളുടെ അളവും പഴക്കവും അതിര്‍ത്തിയിലെ പരിശോധനയില്‍ മാത്രം നിര്‍ണയിക്കാന്‍ കഴിയാറില്ല. പഴക്കമുള്ള മീനാണെങ്കില്‍ തൊടുമ്പോള്‍ തന്നെ കുഴിഞ്ഞ് പോകും. പച്ച മത്സ്യമാണെങ്കില്‍ കുഴിഞ്ഞ് പോയ ഭാഗം വീണ്ടും പൂര്‍വസ്ഥിതിയിലേക്ക് ആകും. മീനിന്റെ ചെകിള നോക്കിയും പഴക്കം തിരിച്ചറിയാന്‍ കഴിയും ചുവപ്പ് നിറമാണെങ്കില്‍ പച്ചമീനാണെന്ന് മനസ്സിലാക്കാം. കറുപ്പോ കാപ്പിപ്പൊടിയോ ആണ് നിറമെങ്കില്‍ വളരെ പഴക്കമുള്ളതാണെന്ന് തിരിച്ചറിയാന്‍ കഴിയും.