മുംബയ്: ക്രിക്കറ്റ് ഫീല്‍ഡിന് അകത്തും പുറത്തും രാജ്യത്തെ യുവാക്കള്‍ക്കിടയിലെ ഏറ്റവും വലിയ റോള്‍മോഡലുകളില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി. താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തിനോടെന്ന പോലെ തന്നെ അദ്ദേഹത്തിന്റെ സ്‌റ്റൈലിനോടും യുവാക്കള്‍ക്ക് വലിയ ആരാധനയാണ്. കൊഹ്ലിയുടെ ഫിറ്റ്‌നെസ്, ഹെയര്‍സ്റ്റൈല്‍, ഡ്രസിംഗ് എന്നിവയെല്ലാം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന നിരവധിപേരുണ്ട്.
ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചാ വിഷയം വിരാട് കൊഹ്ലിയുടെ ബാഗ് ആണ്. ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമിന് വമ്പന്‍ സ്വീകരണമാണ് ബിസിസിഐയും ആരാധകരും ചേര്‍ന്ന് മുംബയില്‍ ഒരുക്കിയത്. ഓപ്പണ്‍ ബസിലെ വിക്ടറി പരേഡില്‍ ലക്ഷക്കണക്കിന് ആളുകളാണ് നരിമാന്‍ പോയിന്റ് മുതല്‍ വാംഖഡെ സ്‌റ്റേഡിയം വരെയുള്ള റോഡില്‍ അണിനിരന്നത്. സൂചി കുത്താന്‍ പോലും ഇടമില്ലാത്ത ജനസാഗരം കണ്ട് ലോകം മുഴുവന്‍ ആശ്ചര്യപ്പെട്ടിരുന്നു.
സ്വീകരണ പരിപാടികള്‍ക്ക് ശേഷം അന്ന് രാത്രി തന്നെ വിരാട് കൊഹ്ലി ഭാര്യ അനുഷ്‌കയേയും മക്കളേയും കാണാന്‍ ലണ്ടനിലേക്ക് തിരിച്ചിരുന്നു. യാത്രയ്ക്കായി മുംബയ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ താരത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗ് ആണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് വിഷയം. ജര്‍മന്‍ ആഡംബര കമ്പനിയായ റിമോവയുടെ കറുപ്പ് നിറത്തിലുള്ള ഫ്ളാപ് ബാക്ക്പാക്കാണ് കോലി യാത്രയ്ക്കുപയോഗിച്ചത്. ഇതിന് ഏകദേശം ഒന്നര ലക്ഷം രൂപ വില വരും. മുന്നില്‍ ബക്കിള്‍ വരുന്ന രീതിയിലുള്ള ബാഗ് ടെക്സ്ചര്‍ പാറ്റേണിലാണുള്ളത്.
ലോകകപ്പ് വിജയത്തിന് ശേഷം ചുഴലിക്കാറ്റിനേ തുടര്‍ന്ന് ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ കുടുങ്ങിപ്പോയിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്താവളം അടച്ചതാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം വൈകിയതിന് കാരണം. പിന്നീട് ചാര്‍ട്ടഡ് വിമാനത്തില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ സ്വീകരണവും നല്‍കിയിരുന്നു. തുടര്‍ന്നാണ് മുംബയില്‍ സ്വീകരണം നല്‍കിയത്. അന്ന് രാത്രി തന്നെ കൊഹ്ലി ലണ്ടനിലേക്ക് പറന്നിരുന്നു.