crime

കൊച്ചി: പൊലീസ് നടത്തിയ പരിശോധനയില്‍ എറണാകുളം പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയത് 63 കുപ്പി ഹെറോയിന്‍. ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ട് അസാം സ്വദേശികളാണ് പിടിയിലായത്. നൗഗാവ് ബുര്‍മുണ്ട സ്വദേശി ആരിഫുള്‍ ഇസ്ലാം (26), അല്‍ഫിക്കുസ് സമാന്‍ (27) എന്നിവരാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പിടിയിലായത്. ലഹരി മരുന്ന് സംഘം പ്രദേശത്ത് വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമാണ് ഇരുവരേയും പിടികൂടിയത്.

അസാം സ്വദേശികളില്‍ നിന്ന് 63 കുപ്പി ഹെറോയിന്‍ ആണ് പൊലീസ് പിടിച്ചെടുത്തത്. നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന സാധനം കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത് ആയിരം രൂപ നിരക്കിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിള്‍ മൊബൈല്‍ ഫോണും ഇവരില്‍ നിന്നും കണ്ടെടുത്തു. സംസ്ഥാനത്ത് ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ ക്രിമിനലുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാണ്.

ലഹരി ഇടപാട് ഉള്‍പ്പെടെ ഇവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുമായി മുന്നോട്ട് പോയത്.കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂര്‍ തണ്ടേക്കാട് നിന്നും 3 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ സ്‌പെഷ്യല്‍ ടീം പിടികൂടിയിരുന്നു. എഎസ്പി മോഹിത് റാവത്ത്, എസ്‌ഐ പി.എം. റാസിക്ക്, എഎസ്‌ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒമാരായ മനോജ് കുമാര്‍, ടി.എ. അഫ്‌സല്‍, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.