finance

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റിന് വില കുറഞ്ഞതോടെ നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വ്. റീട്ടെയില്‍ വില ഒരു ചാക്കിന് 30 രൂപ മുതല്‍ 50 രൂപ വരെ കുറഞ്ഞിട്ടുണ്ട്. 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായിട്ടാണ് വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറ് മാസ കാലയളവില്‍ രു ചാക്കിന് വില 60 രൂപ വരെ കൂടിയതാണ് ഇപ്പോള്‍ പരമാവധി 50 രൂപ വരെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാര്‍ക്കറ്റില്‍ എ.സി.സി സിമന്റിന്റെ ഇപ്പോഴത്തെ വില നികുതി ഉള്‍പ്പടെ 350 രൂപയാണ്. നേരത്തെ ഇത് 410 രൂപ വരെ ഉയര്‍ന്നിരുന്നു.

ചെട്ടിനാട് സിമന്റിന് നാല്‍പത് രൂപയോളമാണ് കുറഞ്ഞിട്ടുള്ളത്. നിലവില്‍ ടാക്‌സ് ഉള്‍പ്പടെ 325 രൂപയാണ് നിരക്ക്. മറ്റു ബ്രാന്റുകളുടെ വിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മേയ് മാസം അവസാനത്തോടെ ആരംഭിച്ച മഴയാണ് സിമന്റ് കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗത മഴ കടുത്തപ്പോള്‍ പിന്നോട്ടായത് വിലക്കുറവിന് പ്രധാന കാരണമാണ്. മഴക്കാലമായതിനാല്‍ സര്‍ക്കാര്‍ മേഖലയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്.

വില കുറഞ്ഞതോടെ കൂടുതല്‍ സാധനം വില്‍ക്കാമെന്ന പ്രതീക്ഷയിലാണ് സിമന്റ് കമ്പനികള്‍. വീട് നിര്‍മാണം ഉള്‍പ്പെടെ നടത്തുന്നവര്‍ സിമന്റും ക്രഷര്‍ ഉത്പന്നങ്ങളും വാങ്ങി സൂക്ഷിക്കുമെന്ന കണക്കുകൂട്ടലുമുണ്ട് കമ്പനികള്‍ക്ക്. സിമന്റ് വിലയിലെ കുറവ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ആശ്വാസമാണ്. കെട്ടിടങ്ങളുടെ ഉള്‍വശങ്ങളിലുള്ള ജോലികള്‍ നടത്താന്‍ ഇപ്പോള്‍ നല്ല സമയമാണ്. ഇതിന് ആവശ്യമായ പരമാവധി സിമന്റ് ഇപ്പോള്‍ വാങ്ങാമെന്നും സാധാരണക്കാര്‍ ചിന്തിക്കുമെന്നും കമ്പനികള്‍ കരുതുന്നു.

പ്ലാസ്റ്ററിംഗ്, സിമന്റ് ഉപയോഗിച്ചുള്ള ടൈല്‍ വര്‍ക്ക് എന്നിവയില്‍ ഈ അവസരം സാമ്പത്തിക നേട്ടമുണ്ടാക്കും. നൂറുകണക്കിന് ചാക്ക് സിമന്റ് ആവശ്യമുള്ള പ്ലാസ്റ്ററിംഗ് ജോലികള്‍ മഴക്കാലത്തും ചെയ്യാനാകും. ഇതുവഴി ആയിരങ്ങള്‍ ഉപയോക്താവിന് ലാഭിക്കാം. അതുകൊണ്ട് തന്നെ ഭവന നിര്‍മാണം പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അവസരം മുതലാക്കാന്‍ കൂടുതല്‍ സാധനം വാങ്ങിക്കൂട്ടുമെന്നും കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. മഴ മാറി നിര്‍മ്മാണ മേഖല വീണ്ടും സജീവമായാല്‍ വില കൂടാനും സാദ്ധ്യതയുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.