റോം : ഇറ്റലിയിലെ മിലാൻ നഗരത്തിലെ പ്രധാന എയർപോർട്ടിന് അന്തരിച്ച മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ പേര് നൽകും. ഗതാഗത മന്ത്രി മാറ്റിയോ സാൽവിനിയാണ് ഇക്കാര്യം അറിയിച്ചത്. രക്ത കോശങ്ങളെ ബാധിക്കുന്ന ക്യാൻസറായ ലുക്കീമിയ ബാധിതനായിരുന്ന ബെർലുസ്കോണി കഴിഞ്ഞ വർഷം 86ാം വയസിലാണ് അന്തരിച്ചത്.
1994 മുതൽ 2011 വരെയുള്ള കാലയളവിൽ നാല് തവണ പ്രധാനമന്ത്രിയായ ബെർലുസ്കോണി ഫോർസാ ഇറ്റാലിയ പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്നു. 2011ൽ രാജ്യത്തെ കടമെടുപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
നിലവിൽ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ നേതൃത്വത്തിലെ സർക്കാരിലെ സഖ്യകക്ഷികളിലൊന്നാണ് ഫോർസ ഇറ്റാലിയ. ഇറ്റലിയിൽ ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ചയാളാണ് ബെർലുസ്‌കോണി. എ.സി മിലാൻ ഫുട്‌ബോൾ ക്ലബ്ബിന്റെ മുൻ ഉടമയാണ്. പാശ്ചാത്യ ലോകത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുള്ള അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ബെർലുസ്കോണി.