മോസ്‌കോ: റഷ്യൻ പട്ടാളത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ വിടുതൽ ചെയ്യാൻ ഉത്തരവിട്ട് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് റഷ്യൻ പ്രസിഡന്റിന്റെ നടപടി. ഇന്നലത്തെ അത്താഴവിരുന്നിലാണ് മോദി ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികളും റഷ്യ തന്നെ സ്വീകരിക്കുമെന്നും മോദിക്ക് പുട്ടിൻ ഉറപ്പ് നൽകിയിട്ടുണ്ട്.
ഉക്രയിനുമായുള്ള റഷ്യയുടെ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. സേനയുടെ ഭാഗമായി നിരവധിപേർ അവിടെ അകപ്പെട്ടിട്ടുമുണ്ട്. ഇവർക്കെല്ലാം ഇനി സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താൻ കഴിയും. മറ്റു ജോലികൾക്കെന്ന പേരിൽ കബളിപ്പിച്ചാണ് ഇന്ത്യക്കാരെയടക്കം ഏജന്റുമാർ യുദ്ധമുഖത്ത് എത്തിച്ചത്.
മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ നരേന്ദ്ര മോദിയെ പുട്ടിൻ അഭിനന്ദിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന സമ്പദ്‌ഘടനയെ കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.
മോദിയെ വരവേറ്റ് റഷ്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ആഘോഷമാക്കി റഷ്യ. ദ്വിദിന സന്ദർശനത്തിനായി ഇന്നലെ വൈകിട്ട് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തിയ മോദിയെ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവ് സ്വീകരിച്ചു. മോസ്കോയിലെ കാൾട്ടൺ ഹോട്ടലിലേക്ക് മോദിക്കൊപ്പം കാറിൽ മാന്റുറോവ് അനുഗമിച്ചതും അപൂർവതയായി.
പത്ത് ഉപപ്രധാനമന്ത്രിമാരിൽ ഏറ്റവും ഉയർന്ന പദവിയാണ് മാന്റുറോവിന്റേത്. അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെ റഷ്യയിലേക്ക് സ്വീകരിച്ചത് മാന്റുറോവിന് കീഴിലുള്ള താഴ്ന്ന റാങ്കിലെ ഉപപ്രധാനമന്ത്രിയാണ്. ഇതിലൂടെ തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളിയാണ് ഇന്ത്യയെന്ന സന്ദേശം ഒരിക്കൽ കൂടി റഷ്യ നൽകി. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യ സന്ദർശനമാണിത്.
ഇന്ന് 22ാമത് ഇന്ത്യ - റഷ്യ ഉച്ചകോടിയിൽ മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും.
കാൾട്ടൺ ഹോട്ടലിൽ മോദിയെ വരവേൽക്കാൻ ഇന്ത്യക്കാരടക്കം നൂറുകണക്കിന് പേർ ഇന്നലെ തടിച്ചുകൂടിയിരുന്നു. വിമാനത്താവളം മുതൽ ഹോട്ടൽ വരെ റോഡിന്റെ ഇരുവശവും അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ ഇന്ത്യക്കാരെത്തി. ഇന്ന് മോസ്കോയിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ക്രെംലിനിലെ സൈനിക സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം മോസ്കോയിലെ റോസാറ്റം എക്‌സിബിഷൻ പവിലിയൻ സന്ദർശിക്കും.