fraud

പാലക്കാട്‌: സിദ്ധൻ ചമഞ്ഞ് വീട്ടമ്മയെ പറ്റിച്ചയാൾ പിടിയിൽ. പാലക്കാട് നെല്ലായയിലാണ് സംഭവം. തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിയായി വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. വീട്ടിൽ നിധിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിധി പൊങ്ങി വരാൻ കയ്യിലുള്ള സ്വർണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വർണം തട്ടിയെടുക്കുകയായിരുന്നു.

ഫേസ്ബുക്ക് വഴിയാണ് വീട്ടമ്മ റഫീഖിനെ പരിചയപ്പെട്ടത്. തുടർന്ന് വീട്ടിൽ നിധി ഉണ്ടെന്നും എടുത്ത് തരാമെന്ന് റഫീഖ് വീട്ടമ്മയോട് പറഞ്ഞു. അതിനായി വീട്ടലുള്ള സ്വർണം മാറ്റണമെന്ന് ഇയാൾ‌ വീട്ടമ്മയ്ക്ക് നിർദേശം നൽകി. സ്വർണം മാറ്റാൻ ഒരു ദൂതന പറഞ്ഞുവിടാമെന്നും റഫീഖ് പറഞ്ഞിരുന്നു. ഇതിൽ വിശ്വസിച്ച വീട്ടമ്മ റഫീഖ് പറഞ്ഞ ദൂതന്റെ കൈയിൽ കൊടുത്തുവിടുകയായിരുന്നു.

സ്വർണ്ണം നൽകിയിട്ടും നിധി ലഭിക്കാതായതോടെ വീട്ടമ്മ പരാതി നൽകുകയായിരുന്നു. മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. 10 വർഷം മുൻപ് സമാനമായ കേസ് പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.