mukesh-ambani-

മുംബയ്: കൊവിഡിന് ശേഷം ഇന്ത്യയിൽ വളർച്ച കൈവരിച്ച ഫ്രഞ്ച് ഭീമൻ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ. ഡെക്കാത്‌ലോൺ മാതൃകയിൽ സ്‌പോർട്സ് ഉൽപ്പനങ്ങളുടെ റീട്ടെയിൽ ശൃംഖല രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ സ്ഥാപിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ബ്രാൻഡിനായി മുൻനിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ 8,000 മുതൽ 10,000 ചതുരശ്ര അടി സ്ഥലങ്ങൾ പാട്ടത്തിന് എടുക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഡെക്കാത്‌ലോൺ വിജയിപ്പിച്ച അതേ മാതൃക നടപ്പാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2009ൽ ആണ് ഡെക്കാത്‌ലോൺ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്. 2020ന് ശേഷം കമ്പനിയുടെ വരുമാനം കുതിക്കുന്ന സാഹചര്യമാണുണ്ടായത്. 2021ൽ 2079 കോടിയും 2022ൽ 2936 കോടി രൂപയുമായിരുന്നു വരുമാനം. എന്നാൽ അത് 2023 ആകുമ്പോഴേക്കും 3955 കോടിയിലേക്ക് എത്തിയിരുന്നു.

ഡെക്കാത്‌ലോണിനെക്കൂടാതെ മറ്റ് സ്‌പോർട്ട് ബ്രാൻഡുകൾക്കും ഇന്ത്യയിൽ വലിയ വളർച്ചയാണ് നേടിയെടുത്തത്. പ്യൂമ, സ്‌കെച്ചേഴ്സ്, അഡിഡാസ്, അസിക്സ് തുടങ്ങിയ മുൻനിര സ്‌പോർട്സ് ബ്രാൻഡുകൾ രണ്ട് വർഷം മുമ്പ് 5,022 കോടി രൂപയാണ് വരുമാനമെങ്കിൽ 2023 എത്തുമ്പോഴേക്കും അത് 11,617 കോടി രൂപയായി മാറിയിരുന്നു. മാർച്ചിൽ ഇന്ത്യയിൽ നടന്ന ഒരു പരിപാടിയിൽ, ഡെക്കാത്‌ലോണിന്റെ ചീഫ് റീട്ടെയിൽ ആൻഡ് കൺട്രീസ് ഓഫീസർ സ്റ്റീവ് ഡൈക്സ് രാജ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ആഗോളതലത്തിൽ കമ്പനിയുടെ മികച്ച അഞ്ച് വിപണികളിൽ ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയ്‌ക്കൊപ്പം എത്താൻ ഡെക്കാത്‌ലോൺ ഓൺലൈൻ വിപണിയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഈ സാദ്ധ്യത മുന്നിൽ കണ്ടാണ് ഇപ്പോൾ റിലയൻസും ഡെക്കാത്‌ലോൺ വഴിയെ സഞ്ചരിക്കുന്നത്. റിലയൻസ് റീട്ടെയ്‌ലും ചൈനീസ് ഫാസ്റ്റ് ഫാഷൻ ലേബൽ ഷെയ്നും ചേർന്ന് രാജ്യത്ത് കടന്നുവരുമെന്ന റിപ്പോർട്ടുകൾക്കിടെയിലാണ് സ്‌പോർട്സ് ബ്രാൻഡ് പദ്ധതിയും പുറത്തുവരുന്നത്.

ക്രിസ് സു 2008 ൽ സ്ഥാപിച്ച് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബ്രാൻഡാണ് ഷെയ്ൻ. രാജ്യത്തെ അതിർത്തി പ്രശ്നത്തിൽ ചൈനീസ് ആപ്പുകൾക്കെതിരെയുള്ള അടിച്ചമർത്തലുകൾക്കിടയിൽ 2020ൽ ഇന്ത്യയിൽ ഈ ബ്രാൻഡ് നിരോധിച്ചിരുന്നു. അംബാനിയുമായി ചേർന്നാൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷെയ്നിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവായിരിക്കും അത്.