vizhinjam

വിഴിഞ്ഞം: വറുതിയുടെ കടൽക്കരയിൽ പ്രതീക്ഷയുടെ ചാകരക്കോളെത്തി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് സീസൺ നിറവായി കൊഴിയാളക്കൂട്ടമെത്തി. മത്സ്യബന്ധന സീസൺ ആരംഭിച്ചിട്ട് ഏതാനും ആഴ്ചകളായെങ്കിലും വിഴിഞ്ഞത്ത് പ്രതീക്ഷയുടെ ചാകരക്കോളൊന്നും നാളിതുവരെ കണ്ടില്ല. അടിക്കടിയുണ്ടായ മഴ മുന്നറിയിപ്പും കടൽക്ഷോഭവും തീരദേശമാകെ ദുരിതത്തിലാക്കി. എന്നാൽ ഇന്നലെയോടെ മത്സ്യ ബന്ധനത്തിനു പോയി മടങ്ങിവന്ന വള്ളം നിറയെ ചെറുമീനുകളുടെ കൊയ്ത്തായിരുന്നു. ചെറു കൊഴിയാളയും കണവയും മരപ്പാൻ ക്ലാത്തിയും (ലെതർ ഫിഷ്) വള്ളങ്ങളിൽ നിറഞ്ഞു.

വള്ളം നിറയെ മീൻ ലഭിച്ചതറിഞ്ഞതോടെ തിരക്കുമേറി. രാവിലെ മുതൽ തുടങ്ങിയ മത്സ്യക്കവടം വൈകുന്നേരമായിട്ടും തീർന്നില്ല.

ചെറുമീനുകൾ ഇനി തീറ്റയാകും

ഇന്നലെ ലഭിച്ച ചെറു കൊഴിയാളയും കടൽമാക്രി (ഏവ)യും ചെറുചൂര കുട്ടികളുമുൾപ്പെടെയുള്ളവ കോഴിത്തീറ്റയായും വളമായും മാറ്റാനായി തമിഴ്നാട്ടിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഇന്നലെ ചെറു കൊഴിയാള മത്സ്യം ടൺ കണക്കിനാണ് ലഭിച്ചത്. ചെറുതാണെങ്കിലും ഫ്രഷ് മത്സ്യമായതിനാൽ പറയുന്ന വിലയ്ക്ക് മീൻ വാങ്ങാനായി. കോഴിത്തീറ്റയ്ക്ക് ഡിമാൻഡ് വന്നതോടെ ഇത്തരം മത്സ്യങ്ങൾക്ക് പ്രിയമേറി.

പ്രതീക്ഷയിൽ തീരം

കാലവർഷം എത്തുന്നതോടെയാണ് വിഴിഞ്ഞത്ത് പരമ്പരാഗത വള്ളങ്ങളുടെ മത്സ്യബന്ധന സീസൺ ആരംഭിക്കുക. സീസണെ വരവേൽക്കാൻ മത്സ്യത്തൊഴിലാളികൾ തയ്യാറെടുത്തെങ്കിലും മീൻ ലഭിച്ചില്ല. സീസണായതോടെ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തേക്ക് എത്തിയിട്ടുണ്ട്. വാളമത്സ്യങ്ങൾ എത്തുന്നതോടെ ഇവിടെ സീസൺ അവസാനിക്കും. സീസൺ ആരംഭിച്ചതോടെ മേഖലയിലെ അനുബന്ധ കച്ചവടക്കാർക്കും നല്ലകാലമാണ്.

മരപ്പാൻ ക്ലാത്തി വിദേശ തീൻ മേശയിൽ

ഒരുകാലത്ത് വിലയില്ലായിരുന്ന മരപ്പാൻ ക്ലാത്തി (ലെതർ ഫിഷ് )ഇപ്പോൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഇന്നലെ ലഭിച്ച ക്ലാത്തിക്ക് നല്ല വലിപ്പമുള്ളതിനാൽ നല്ല വിലയും കിട്ടി.