beauty

ഏത് പ്രായക്കാരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി ഭൂരിഭാഗം പേരും കെമിക്കൽ ഡൈ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, ദീർഘനാളത്തെ കെമിക്കൽ ഡൈ ഉപയോഗം കാരണം നിങ്ങളുടെ മുടിക്ക് ബലം കുറയുകയും പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. മാത്രമല്ല, ചിലരിൽ അലർജി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാൽ, വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാച്വറൽ ഡൈയെക്കുറിച്ച് അറിയാം. ഈ ഡൈക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ആവണക്കെണ്ണ - 1 ടേബിൾസ്‌പൂൺ

കാപ്പിപ്പൊടി - 3 ടേബിൾസ്‌പൂൺ

തൈര് - 3 ടേബിൾസ്‌പൂൺ

നീലയമരിപ്പൊടി/ നെല്ലിക്കപ്പൊടി - 3 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് പാത്രത്തിലേക്ക് ആവണക്കെണ്ണ, കാപ്പിപ്പൊടി, തൈര്, നീലയമരിപ്പൊടി അല്ലെങ്കിൽ നെല്ലിക്കപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ കുറച്ച് കൂടി തൈര് ചേ‌ർത്തുകൊടുത്ത് നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ഒരു രാത്രി മുഴുവൻ അടച്ച് വച്ചശേഷം പിറ്റേ ദിവസം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

നന്നായി എണ്ണ പുരട്ടി ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടാൻ. മുടിയുടെ ഓരോ ഭാഗത്തും ശരിയായി പുരട്ടണം. ഒരു മണിക്കൂർ വച്ച ശേഷം കഴുകി കളയാവുന്നതാണ്.