ദിനംപ്രതി സ്വർണവില ഉയരുകയാണ്. എത്രതന്നെ വില ഉയർന്നാലും സ്വർണത്തിനോടുള്ള ഭ്രമം മലയാളികൾക്ക് കുറയാറില്ല. എന്നാൽ ദിവസവും സ്വർണത്തെ പുറന്തള്ളുന്ന ഒരു അഗ്നിപർവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ?
അന്റർട്ടിക്കയിലെ സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മൗണ്ട് എറെബസിലാണ് ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്. അഗ്നിപർവതത്തിൽ നിന്ന് ദിവസവും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണത്തരികൾ പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് നാസയുടെ എർത്ത് ഒബ്‌സർവേറ്ററി തന്നെ സ്ഥരീകരിച്ചിട്ടുണ്ട്. മൗണ്ട് എറെബസിൽ നിന്ന് ദിവസവും 80ഗ്രാം സ്വർണമെങ്കിലും പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ശാസ്‌ത്രജ്ഞരുടെ കണ്ടെത്തൽ.
റോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവത്തിന് 12,448 അടി ഉയരമുണ്ട്. മൗണ്ട് എറെബസിൽ നിന്ന് ദിവസവും പുറന്തള്ളുന്ന വാതകത്തിൽ സ്വർണത്തരികൾ അടങ്ങിയിരിക്കുന്നു. പർവതം വളരെ ഉയരത്തിലായതിനാൽ തന്നെ അഗ്നിപർവതത്തിൽ നിന്ന് മെെലുകൾ അകലെയുള്ള പ്രദേശങ്ങളിൽ വരെ സ്വർണത്തരികൾ വന്നു പതിക്കാറുണ്ട്. 20 മൈക്രോമീറ്റർ വലിപ്പം മാത്രമെ ഈ തരികൾക്ക് ഉണ്ടാകും.
കൂടാതെ എറെബസ് പർവതത്തിന് 1,000 കിലോമീറ്റർ അകലെയുള്ള അന്തരീക്ഷത്തിൽ സ്വർണത്തിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്റർട്ടിക്കയിലെ ഉൾപ്രദേശത്ത് പൂർണമായും മഞ്ഞ് മൂടിയിരിക്കുന്ന ഈ അഗ്നിപർവതത്തിന് അടുത്ത് മനുഷ്യർക്ക് എത്താൻ സാധിക്കില്ല. മൗണ്ട് എറെബസിൽ സ്വർണത്തിന് പുറമേ മറ്റ് വിലയേറിയ ലോഹങ്ങളും അടങ്ങിയിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 1972 മുതലാണ് ഇത് ഒരു സജീവ അഗ്നിപർവതം ആയിമാറിയത്.