lockel

രാമനാട്ടുകര : രാമനാട്ടുകരയിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ ഭിത്തി തുരന്നു മോഷണശ്രമം. കള്ളൻ അകത്തുകയറി. പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം. മുകൾ നിലയിലെ സ്‌ട്രോങ് തുറക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി തുരന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ സെക്യൂരിറ്റി ജീവനക്കാരൻ വിവരം സമീപത്തെ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചു. ജ്വല്ലറിക്ക് സമീപം താമസിക്കുന്ന മൂന്ന് ജീവനക്കാർ എത്തിയപ്പോഴും കള്ളൻ അകത്തുണ്ടായിരുന്നു. ജീവനക്കാരെത്തി ബഹളം വച്ചതോടെ ഇതേ ദ്വാരത്തിലൂടെ കള്ളൻ പുറത്തുചാടി. പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി കമ്മിഷണർ അനൂജ് പല്ലിവാൽ,ഫറോക്ക് അസി. കമ്മിഷണർ സാജു എബ്രഹാം.എസ് ഐ .എസ് അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം പേരാമ്പ്ര ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറിയുടെ ചുമർ തുരന്ന് 30 പവൻ സ്വർണ്ണവും ആറു കിലോ വെള്ളിയും മോഷ്ടിച്ചിരുന്നു.