modi

മോസ്കോ : യുക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് വീണ്ടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ 22ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായി ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണിത്.

തോക്കിന്റെയും ബോംബിന്റെയും നടുവിൽ സമാധാനം വിജയിക്കില്ല. ചർച്ചയും നയതന്ത്രവും മാത്രമാണ് മുന്നോട്ടുള്ള വഴി. സുഹ‌ൃത്തായ പുട്ടിനുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് മോദി വ്യക്തമാക്കി.

കുട്ടികളുടെ ആശുപത്രിയിലെ മിസൈൽ ആക്രമണം ഉന്നയിച്ച മോദി,​ നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ദുഃഖകരമാണെന്ന് പുട്ടിനോട് പറഞ്ഞു. ഇന്ത്യ എക്കാലവും രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും ഉറപ്പാക്കുന്ന യു.എൻ ചാർട്ടറിനെ മാനിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഇന്ത്യക്കാരെ ഉടൻ

മോചിപ്പിക്കും

യുക്രെയിൻ യുദ്ധമുന്നണിയിലെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്‌ത ഇന്ത്യക്കാരെ വിട്ടയ്‌ക്കണമെന്ന മോദിയുടെ അഭ്യർത്ഥന പുട്ടിൻ അംഗീകരിച്ചത് വലിയ നയതന്ത്ര വിജയമായി. തിങ്കളാഴ്ച അത്താഴ സൽക്കാരത്തിനിടെയാണ് മോദി പ്രശ്നം ഉന്നയിച്ചത്. പിന്നാലെ പുട്ടിൻ ഇതുസംബന്ധിച്ച ഉത്തരവും നൽകി. വ്യാപാരം , വാണിജ്യം, സുരക്ഷ, കൃഷി, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള ചർച്ചകളും നടന്നു.

രണ്ട് പുതിയ ഇന്ത്യൻ

കോൺസുലേറ്റുകൾ

റഷ്യയിലെ കസാൻ,​ യേക്കാട്ടറിൻ ബർഗ് നഗരങ്ങളിൽ ഇന്ത്യ പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ മോദി പ്രഖ്യാപിച്ചു. റഷ്യയിലെ നാലാമത്തെ വലിയ നഗരമാണ് യേക്കാട്ടറിൻ ബർഗ്. വോൾഗ,​ കസാൻക നദികളുടെ സംഗമ കേന്ദ്രമായ കസാൻ സാംസ്കാരിക,​ വിദ്യാഭ്യാസ കേന്ദ്രമാണ്. ഒക്ടോബറിൽ ബ്രിക്സ് ഉച്ചകോടി ഇവിടെയാണ്.

വൈറലായി ആലിംഗനം

മോദിയും പുട്ടിനും ആലിംഗനം ചെയ്യുന്ന ചിത്രം ലോകമാകെ വൈറലായി. മോസ്കോ പ്രാന്തത്തിലുള്ള പുട്ടിന്റെ വസതിയിലായിരുന്നു ഈ അപൂർവ നിമിഷം. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തേ,​ കണ്ടതിൽ സന്തോഷം എന്ന് പറഞ്ഞുകൊണ്ടാണ് പുട്ടിന്റെ ആലിംഗനം. മൂന്നാം തവണയും അധികാരത്തിൽ വന്നതിന് മോദിയെ പുട്ടിൻ അഭിനന്ദിച്ചു. ഇരുവരും ടെറസിൽ ഇരുന്ന് ചായകുടിച്ചു. പിന്നീട് മോദിയെ ഇരുത്തി പുട്ടിൻ തന്റെ ഗോൾഫ് കാർട്ട് ഡ്രൈവ് ചെയ്തു.


പരമോന്നത ബഹുമതി ഏറ്റുവാങ്ങി

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഒഫ് സെന്റ് ആൻഡ്രൂ ദ അപ്പോസിൽ" പുട്ടിൻ ഇന്നലെ മോദിക്ക് നൽകി. 2019ൽ പ്രഖ്യാപിച്ചതാണ്. ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതായി മോദി പറഞ്ഞു. ഇന്ത്യ - റഷ്യ സൗഹൃദത്തിന് മോദി നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണിത്.