അഞ്ചു വർഷ ഇന്റഗ്രേറ്റഡ് നിയമ ബിരുദ കോഴ്സുകൾക്ക് സാധ്യതയേറുന്നു. ബി.എ എൽ എൽ. ബി പ്രോഗ്രാമിനാണ് വിദ്യാർത്ഥികൾക്ക് കൂടുതൽ താത്പര്യം. സോഷ്യൽ സയൻസും നിയമവും പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ക്രിട്ടിക്കൽ തിങ്കിംഗ്, അനലിറ്റിക്കൽ സ്‌കിൽസ്, പ്രോബ്ലം സോൾവിംഗ് തുടങ്ങി, കാര്യങ്ങൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനുള്ള പ്രാവീണ്യം കോഴ്‌സ് പ്രദാനം ചെയ്യും. പ്ലസ് ടു 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് പ്രവേശന പരീക്ഷയെഴുതാം. കേരളത്തിലെ ലാ കോളേജുകളിലേക്ക് പ്രവേശനത്തിന് KLEE -കേരള ലാ കോളേജ് എൻട്രൻസ് ടെസ്റ്റുണ്ട്. രാജ്യത്തെ 26 ഓളം നാഷണൽ ലാ സ്കൂളുകളിൽ CLAT - കോമൺ ലാ എൻട്രൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. രാജ്യത്തെയും വിദേശ ത്തെയും നിയമ സ്കൂളുകളിൽ പ്രവേശനത്തിന് LSAT -ലാ സ്കൂൾ അഡ്‌മിഷൻ ടെസ്റ്റ് ഇന്ത്യ , ഗ്ലോബൽ പരീക്ഷകളുണ്ട്. ഇത് കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ലാ കോളേജുകളിലേക്ക് പ്രത്യേകം പരീക്ഷകളുമുണ്ട്. CLAT 2025 പരീക്ഷ ഡിസംബർ ഒന്നിനു നടക്കും.
വിദേശപഠനം - തയ്യാറെടുപ്പുകൾ
വിദേശപഠനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികൾ വ്യക്തമായ തയ്യാറെടുപ്പു നടത്തണം. ഉപരിപഠന മേഖലയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടത് ഇതിനു വേണ്ട സാമ്പത്തിക സഹായം എങ്ങനെ ഉറപ്പുവരുത്താമെന്നതാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർടൈം സ്കോളർഷിപ്പുകളുണ്ട്. മിക്ക സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളോ സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകൾ, ഫിനാൻഷ്യൽ സ്കോളർഷിപ്പുകൾ, മെരിറ്റ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, സർക്കാർ/സ്വകാര്യ സ്കോളർഷിപ്പുകൾ എന്നിവ ഇവയിൽപ്പെടും.
നിശ്ചിത തീയതിക്കകം സ്കോളർഷിപ്പിന് അപേക്ഷിക്കണം. ഇതിനുമുമ്പ് അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചിരിക്കണം. ഓരോ യൂണിവേഴ്‌സിറ്റിക്കും അവസാനതീയതി വ്യത്യാസപ്പെട്ടിരിക്കും. യൂണിവേഴ്‌സിറ്റി വെബ്സൈറ്റിലെ സ്കോളർഷിപ് പേജിൽ നിന്നും പൂർണ വിവരങ്ങൾ, യോഗ്യത എന്നിവ അറിയാം.
എം.ഡി.എസ് പ്രവേശനം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡന്റൽ കോളേജുകളിലെ എം.ഡി.എസ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിച്ച് തെറ്റ് തിരുത്താൽ 15ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ അവസരം. ഹെൽപ്പ് ലൈൻ-04712525300
പി. ആർ.ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം; ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന 20നകം അപേക്ഷ നൽകണം. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക് റിലേഷൻസ് ഡിപ്ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല. പ്ളസ് ടുവും വീഡിയോ എഡിറ്റിംഗിൽ ഡിഗ്രി, ഡിപ്ളോമ, സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം. പ്രായപരിധി 35 വയസ് . ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരങ്ങൾക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.in ൽ.