ഇന്ത്യ Vs സിംബാബ്‌വെ
4.30 pm മുതൽ സോണി ടെൻ സ്പോർട്സിൽ
ഹരാരേ : ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഹരാരേയിൽ നടക്കും. ലോകചാമ്പ്യൻന്മാരായതിന് തൊട്ടുപിന്നാലെ യുവനിരയുമായി സിംബാബ്‌വെയിലെത്തിയ ഇന്ത്യയെ ആദ്യ മത്സരത്തിൽ 13 റൺസിന് ആതിഥേയർ അട്ടിമറിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ 100 റൺസിന്റെ വിജയം നേടി പരമ്പര 1-1ന് സമനിലയിലാക്കിയിരിക്കുകയാണ്.
ലോകകപ്പ് കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ ടീമിലെ മലയാളി താരം സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ,ശിവം ദുബെ എന്നിവർ ആദ്യ രണ്ട് മത്സരങ്ങൾക്ക് ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഇവർ മൂന്നാം മത്സരത്തിന് മുന്നോടിയായി ടീമിനാെപ്പം ചേർന്നിട്ടുണ്ട്. എന്നാൽ രണ്ടാം മത്സരത്തിൽ ഗംഭീരവിജയം നേടിയ പ്ളേയിംഗ് ഇലവനിൽ മാറ്റംവരുത്താൻ കോച്ച് വി.വി.എസ് ലക്ഷ്മൺ തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
ആദ്യ മത്സരത്തിൽ ഡക്കായ ഓപ്പണർ അഭിഷേക് ശർമ്മയുടെ കന്നി സെഞ്ച്വറിയായിരുന്നു(100) രണ്ടാം മത്സരത്തിലെ വിജയത്തിന്റെ അടിത്തറ. 77 റൺസുമായി റുതുരാജ് ഗെയ്‌ക്ക്‌വാദും 48 റൺസുമായി റിങ്കു സിംഗും മികച്ച ഫോമിലായിരുന്നു.ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. ബൗളിംഗിൽ മുകേഷ് കുമാർ,ആവേഷ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റുവീതം വീഴ്ത്തി. സ്പിന്നർമാരായ രവി ബിഷ്ണോയ്‌യും വാഷിംഗ്ടൺ സുന്ദറും നിരാശപ്പെടുത്തിയില്ല. ഇന്നലെ ഇന്ത്യൻ ടീം ഹരാരേയിലെ വന്യജീവി സങ്കേതത്തിൽ സന്ദർശനം നടത്തിയിരുന്നു.
നായകൻ സിക്കന്ദർ റാസ, ഓപ്പണർ വെസ്‌ലി മാധവെറെ,ഫസ്റ്റ് ഡൗൺ ബ്രയാൻ ബെന്നറ്റ് തുടങ്ങിയവരാണ് സിംബാബ്‌വെ ബാറ്റിംഗ് നിരയിലെ പ്രമുഖർ. ബൗളിംഗിൽ റാസയ്ക്കൊപ്പം മുസറാബനി,ചതാര,ജോംഗ്‌വീ തുടങ്ങിയവരുണ്ട്.