വിഴിഞ്ഞം: വാഴക്കുല പൊതിയാൻ പുതിയ യന്ത്രവുമായി വെള്ളായണി കാർഷിക കോളേജ്. യന്ത്രത്തിന്റെ പ്രായോഗിക പരിശീലനവും ജില്ലയിലെ ആദ്യ വിതരണവും കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നടന്നു. കർഷകരുടെ സമയലാഭവും ജോലി ഭാരവും കുറയ്ക്കുന്നതാണ് പുതിയ യന്ത്രമെന്ന് കാർഷികകോളേജ് അധികൃതർ പറഞ്ഞു.
അലുമിനിയം പൈപ്പിനാൽ നിർമ്മിതമായ യന്ത്രത്തിന് ഒരു കിലോക്ക് താഴെയാണ് ഭാരം. പൈപ്പിന് മുകളിൽ സ്ഥാപിച്ച വൃത്താകൃതിയിലുള്ള ഭാഗത്ത് ചൈനീസ് ക്‌ളോത്തെന്ന സിന്തറ്റിക് മെറ്റീരിയലിലുള്ള കവർ ഉപയോഗിച്ചാണ് വാഴക്കുല പൊതിയുന്നത്. ഈ കവർ പുനരുപയോഗിക്കാൻ കഴിയുന്നതും മണ്ണിനോട് അലിഞ്ഞു ചേരുന്നതുമാണ്. ഈ കവർ ഉപയോഗിക്കുന്നത് കയറ്റുമതി മാർക്കറ്റിന് സഹായകരവുമാണ്. വാഴ കർഷകർ നേരിട്ടുകൊണ്ടിരുന്ന പ്രശ്നത്തിന് പരിഹാരമാണ് ഈ ഉപകരണം.
കാറ്റ്,മഴ,വെയിൽ,കീടങ്ങൾ,രോഗങ്ങൾ,പക്ഷികൾ,വവ്വാൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നതിനായി വാഴക്കുലകളെ ചെലവ് കുറഞ്ഞ രീതിയിൽ പൊതിയാനും സാധിക്കും. കായ്ക്ക് ഗുണനിലവാരം ഉറപ്പാക്കാനുമാകും.
3800രൂപയാണ് ഉപകരണത്തിന്റെ വില.ഒരു കുല പൊതിയുന്നതിനു 3രൂപമാത്രമാണ് ചെലവ്.
തവനൂർ കാർഷിക എൻജിനിയറിംഗ് കോളേജിലെ ഡോ.കെ.പി.ശിവജി,ഡോ.ഷാജി ജെിംസ് എന്നിവർ രൂപകല്പന ചെയ്ത ഉപകരണത്തിന്റെ നിർമാണവും വിതരണവും വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിനാണ് കരാർ നൽകിയിട്ടുള്ളത്.
പരിപാടിയുടെ ഉദ്ഘാടനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ.എം നിർവഹിച്ചു. കൃഷിഭവനിൽ നിന്നും തിരഞ്ഞെടുത്ത മികച്ച 6 വാഴകർഷകർക്കാണ് പരിശീലനത്തോടൊപ്പം ഉപകരണവും സൗജന്യമായി നൽകിയത്. പള്ളിച്ചൽ ബ്ലോക്ക് കാർഷിക വിജ്ഞാന കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി,വാർഡ് അംഗം രാജലക്ഷ്മി,പള്ളിച്ചൽ ബ്ലോക്ക് കൃഷി വിജ്ഞാനകേന്ദ്രം നോഡൽ ഓഫീസർ ഡോ.ചിഞ്ചു,കല്ലിയൂർ കൃഷി ഓഫീസർ സി.സൊപ്ന,ഐ.സി.എ.ആർ കെ.വി.കെ മിത്രാ നികേതൻ, കൃഷി എൻജിനീയർ ജി.ചിത്ര,കൃഷിഭവൻ ഉദ്യോഗസ്ഥരായ കെ.രമണി,അനിൽകുമാർ, ആശ, കർഷകർ എന്നിവർ പങ്കെടുത്തു.