നമ്മുടെ രാജ്യത്ത് പല തരത്തിലുള്ള ക്ഷേത്രങ്ങളുണ്ട്. പ്രതിഷ്‌ഠകൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയിലെ വ്യത്യസ്‌തത കാരണം ശ്രദ്ധിക്കപ്പെടുന്ന ക്ഷേത്രങ്ങൾ ഒരുപാടാണ്. അത്തരത്തിൽ വ്യത്യസ്‌തമായ ഒരു വിശ്വാസമുള്ള ക്ഷേത്രത്തെപ്പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്.
കർണാടകയിലാണ് ഈ ക്ഷേത്രമുള്ളത്. ഖണ്ഡിഗെ നിവാസികൾ വൃഷഭ സംക്രമണ മഹോത്സവത്തോടനുബന്ധിച്ചാണ് ജാത്രാ മഹോത്സവം എന്ന ചടങ്ങ് നടത്തുന്നത്. പ്രദേശികമായി കണ്ടേവൂ എന്ന് വിശേഷിപ്പിക്കുന്ന 'ധർമ്മരസു ഉല്ലയ' എന്ന ദേവനുമായി ബന്ധപ്പെട്ടതാണ് ആഘോഷം. ശിവന്റെ തന്നെ ഒരു രൂപമായാണ് ഉല്ലയയെ വിശ്വാസികൾ ആരാധിക്കുന്നത്.
ഉല്ലയ പ്രതിഷ്‌ഠയുള്ള ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന നന്ദിനി നദിയിലെ മത്സ്യബന്ധനത്തിന് ഉത്സവ ദിവസം ഒഴികെ വർഷം മുഴുവൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വിശ്വാസങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് വലയിൽ പാമ്പിനെയാകും കിട്ടുക. ഇത് അശുഭ ലക്ഷണമാണെന്നാണ് ഭക്തരുടെ വിശ്വാസം.
ക്ഷേത്രത്തിലെ നിവേദ്യ സമർപ്പണത്തിന് ശേഷം ഗംഭീര വെടിക്കെട്ട് ഉണ്ടാകും. തുടർന്ന് ഭക്തർ നദിയിലേക്ക് ഇറങ്ങും. നദിയുടെ ഇരുവശത്തുമായി ഭക്തർ നിറഞ്ഞ് നിൽക്കുകയും ഒരേ സമയം വെള്ളത്തിലേക്ക് വലയുമായി ചാടി മീൻ പിടിക്കുന്നതും കാണാം. ആ ദിവസം മത്സ്യത്തൊഴിലാളികൾ അവർക്കാവശ്യമുള്ള മീൻ എടുത്ത ശേഷം ബാക്കിയുള്ളവ വിൽപ്പന നടത്തും.
വില അൽപ്പം കൂടിയാലും ഗ്രാമവാസികൾ എല്ലാവരും ഇവരുടെ കയ്യിൽ നിന്നും അന്ന് മീൻ വാങ്ങും. ഉത്സവ ദിവസം പിടിക്കുന്ന മീനിന് സാധാരണയേക്കാൾ സ്വാദ് കൂടുതലായിരിക്കുമെന്നാണ് വിശ്വാസം. ഉത്സവത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് സമൃദ്ധമായ വിരുന്നും ഗ്രാമവാസികൾ ഒരുക്കുന്നത് പതിവാണ്.