മൂവാറ്റുപുഴ: കോടികളുടെ തട്ടിപ്പുനടന്ന മഞ്ഞള്ളൂർ റൂറൽ സഹകരണബാങ്കിൽ സഹകരണവകുപ്പ് അന്വേഷണം ഊർജിതമാക്കി. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. സഹകരണബാങ്കിൽ അംഗമല്ലാത്തവരുടെയും വായ്പ എടുത്തിട്ടില്ലാത്തവരുടെയും പേരിൽ നോട്ടീസ് എത്തിയതോടെ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. 7ലക്ഷംരൂപ വായ്പ എടുത്തുവെന്ന് കാണിച്ച് നോട്ടീസ് ലഭിച്ച ആയവന കാര്യമറ്റം സ്വദേശി ബി. ബിജുകുമാറാണ് ഇത് സംബന്ധിച്ച് മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസിലും വാഴക്കുളം പൊലീസിലും പരാതി നൽകിയത്. ഇദ്ദേഹം സഹകരണബാങ്കിൽ അംഗമല്ല. അംഗമല്ലാത്ത ഇദ്ദേഹത്തിന്റെ പേരിൽ 7ലക്ഷംരൂപ വായ്പ എടുത്തിട്ടുണ്ടെന്ന നോട്ടീസാണ് ലഭിച്ചത്. വായ്പയുടെ പലിശ 705600 രൂപ ഉൾപ്പെടെ 14,05,600 രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടാണ് നോട്ടീസ് എത്തിയത്. ഇതേത്തുടർന്ന് ഇദ്ദേഹം മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസിലും പൊലീസിലും പരാതി നൽകുകയായിരുന്നു. സമാനമായ ക്രമക്കേടുകളെ തുടർന്ന് മൂന്നുമാസമായി സഹകരണനിയമം 65 അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ബാങ്കിൽ പരിശോധന നടത്തുകയാണെന്നായിരുന്നു മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് ലഭിച്ച മറുപടി. വായ്പ സംബന്ധിച്ച് തിരിച്ചടവുമായി ബന്ധപ്പെട്ടിട്ടുള്ള നോട്ടീസിന് കൃത്യമായി മറുപടി ലഭിക്കാതെ വന്നതിനാലാണ് ഇദ്ദേഹം വാഴക്കുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ബാങ്ക് അംഗങ്ങളുടേയും അല്ലാത്തവരുടെ പേരിൽ സമാനമായ രീതിയിൽ ലക്ഷങ്ങളുടെ വായ്പ എടുത്തിട്ടുണ്ടെന്ന് കാണിച്ച് വാഴക്കുളം, മഞ്ഞള്ളൂർ, ആയവന മേഖലകളിലുള്ള ഒട്ടേറെപ്പേർക്ക് സഹകരണവകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരും പരാതിയുമായി മൂവാറ്റുപുഴ സബ് രജിസ്റ്റർ ഓഫീസിൽ എത്തിയിരുന്നു. പരാതികൾ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം രഹസ്യമാക്കി വച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.