കോന്നി : മാങ്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകൾ മോഷണം പോയ സംഭവത്തിൽ മാങ്കോട് തൻസീർ മൻസിൽ തൻസീർ, രജനി വിലാസത്തിൽ ബിഥുൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരും സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഇവരുടെ പക്കൽ നിന്ന് നാല് ലാപ്ടോപ്പുകളും കണ്ടെത്തി . ഒരാളെ കൂടി പിടികൂടാനും രണ്ട് ലാപ്ടോപ്പുകൾ കൂടി കണ്ടെത്താനുമുണ്ട് . സ്കൂളിലെ അലമാരയിൽ നിന്ന് 6 ലാപ്ടോപ്പുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞമാസം 28ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ പൂട്ട് പൊളിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് പരിശോധന നടത്തിയപ്പോൾ സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടില്ല എന്നാണ് സ്കൂൾ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ 6 ലാപ്ടോപ്പുകൾ കാണാതായതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ വ്യാഴാഴ്ച സ്കൂൾ അധികൃതർ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. നേരത്തെ പൊലീസ് പരിശോധിക്കുമ്പോൾ പൂട്ടിയിട്ടിരുന്ന അലമാരയുടെ താക്കോൽ സ്‌കൂളിൽ തന്നെയുണ്ടായിരുന്നു . താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് ലാപ്ടോപ്പുകൾ എടുത്തശേഷം മോഷ്ടാക്കൾ താക്കോൽ അവിടെത്തന്നെ തിരികെ വയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2021-ൽ കൈറ്റ് പദ്ധതിയിൽ കിട്ടിയ ലാപ്ടോപ്പുകൾ ഉപയോഗിക്കാതെ അലമാരയിൽ ത്തന്നെ വച്ചിരിക്കുകയായിരുന്നു. അലമാരയിൽ ഇതിന് സമീപത്തായി ഉപയോഗിച്ചുകൊണ്ടിരുന്ന എട്ട് ലാപ്ടോപ്പുകൾ ഉണ്ടായിട്ടും ഇത് ഉപേക്ഷിച്ച് പുതിയ ലാപ്ടോപ്പുകൾ മാത്രമാണ് മോഷ്ടിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.