വാഷിംഗ്ടൺ: റഷ്യയുമായുള്ള ബന്ധം ബാധിക്കില്ലെന്നും ഇന്ത്യ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായി തുടരുമെന്നും യു.എസ്. ' ഇന്ത്യയും റഷ്യയും തമ്മിൽ വളരെക്കാലമായി ബന്ധമുണ്ട്. ഇന്ത്യ യു.എസിന്റെ ഒരു തന്ത്റപ്രധാന പങ്കാളിയാണ്. റഷ്യയുമായുള്ള ഇന്ത്യൻ ബന്ധം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തവുമായ ആശയവിനിമയം നടക്കുന്നുണ്ട്." - യു.എസ് പ്രതിരോധ വിഭാഗം പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനം ഇന്ത്യ - യു.എസ് ബന്ധത്തെ ബാധിക്കുമോ എന്ന മാദ്ധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുക്രെയിൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്റി മോദി അടുത്തിടെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞിരുന്നതായും റൈഡർ കൂട്ടിച്ചേർത്തു.
അതേ സമയം, റഷ്യയുമായുള്ള ബന്ധത്തിലെ തങ്ങളുടെ ആശങ്കകൾ ഇന്ത്യൻ സർക്കാരിനോട് നേരിട്ട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പ്രതികരിച്ചു.