india-cricket

മൂന്നാം ട്വന്റി-20യിൽ 23 റൺസിന് സിംബാബ്‌വെയെ തോൽപ്പിച്ചു

ഹരാരേ : മലയാളി താരം സഞ്ജു സാംസൺ വൈസ് ക്യാപ്ടനായി കളിക്കാനിറങ്ങിയ സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിൽ 23 റൺസിന് ജയിച്ച് ഇന്ത്യൻ യുവനിര. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 182/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ആതിഥേയർക്ക് 159/6ലേ എത്താനായുള്ളൂ. ഇതോടെ അഞ്ചു മത്സരപരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. നാലാം മത്സരം ശനിയാഴ്ച നടക്കും.

അർദ്ധസെഞ്ച്വറി നേടിയ നായകൻ ശുഭ്മാൻ ഗിൽ(66), ഓപ്പണർ യശസ്വി ജയ്സ്വാൾ(36), റുതുരാജ് ഗെയ്‌ക്ക്‌വാദ് (49) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ലോകകപ്പ് കഴിഞ്ഞെത്താൻ വൈകിയതിനാൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സഞ്ജുവിനൊപ്പം വിട്ടുനിന്ന യശസ്വി ഇന്നലെ ഗില്ലിനൊപ്പം ഓപ്പണിംഗിനിറങ്ങി എട്ടോവറിൽ 67 റൺസാണ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയ്ക്ക് 10 റൺസേ എടുക്കാനുള്ളൂ.അഞ്ചാമനായി ഇറങ്ങിയ സഞ്ജു ഏഴുപന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു.

മറുപടിക്കിറങ്ങിയ സിംബാബ്‌വെയുടെ മൂന്ന് വിക്കറ്റുകൾ 15 റൺസ് മാത്രം വഴങ്ങി സ്വന്തമാക്കിയ വാഷിംഗ്ടൺ സുന്ദറാണ് മാൻ ഒഫ് ദ മാച്ച്. ആവേഷ് ഖാൻ രണ്ട് വിക്കറ്റും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും ലഭിച്ചു. സിംബാബ്‌വെയ്ക്ക് വേണ്ടി 65 റൺസുമായി പുറത്താകാതെ നിന്ന ഡിയോൺ മെയ്സും 37 റൺസടിച്ച മദാൻദയുമാണ് പൊരുതി നോക്കിയത്.