fever-

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വ്യാപിക്കുന്നു.
24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കിപ്പനിയും വ്യാപകമായി പടർന്നുപിടിക്കുകയാണ്. 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരിച്ചു. സംസ്ഥാനത്ത് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2 പേർ മരണത്തിന് കീഴടങ്ങി. ഇന്നലെ 37 പേർക്ക് എച്ച്‌1എൻ1 രോഗബാധയും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചു ഇതോടെ രോഗബാധിതരുടെ എണ്ണം നാലായി. കാസർകോടും തിരുവനന്തപുരത്തുമാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ജനങ്ങള്‍ അതീവ ജാഗ്രത സ്വീകരിക്കണമെന്നാണ് നിർദേശം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ വൈദ്യ സഹായം തേടണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും നിർദേശമുണ്ട്.