kk

കോതമംഗലം: ആഞ്ഞിലിപ്പഴം മലയാളികൾക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന പഴമാണ്. ഒരു കാലത്ത് സുലഭമായി വീട്ടുമുറ്റത്ത് ലഭിച്ചിരുന്ന പഴങ്ങൾ വില്പനയ്ക്കായി നിരത്തുകളിൽ നിറയുകയാണ്. ഞാവൽപ്പഴം, മാമ്പഴം, ചക്കയ്ക്കുമൊപ്പമാണ് വില്പനയിൽ ആഞ്ഞിലിപ്പഴത്തിന്റെ സ്ഥാനം. ആവശ്യക്കാരും ഏറെയാണ്.നാവിൻ തുമ്പിൽ ഒരു കാലത്ത് മധുരത്തിന്റെ തേൻ കനി ഒരുക്കിയ ആഞ്ഞിലിപ്പഴത്തെ പുതു തലമുറ ഏ​റ്റെടുത്തിരിക്കുകയാണ്.

പഴ വിപണിയിൽ വൻ ഡിമാന്റായതോടെ ആഞ്ഞിലി ചക്കയ്ക്ക് 800 മുതൽ 1000 വരെ വില. കീടനാശിനി സാന്നിദ്ധ്യമില്ലാത്ത പഴ വർഗമെന്ന നിലയിൽ പോഷക സമൃദ്ധമായ ആഞ്ഞിലിച്ചക്ക സുരക്ഷിതമായി കഴിക്കാം.

 അന്യസംസ്ഥാനക്കാർക്ക് പ്രിയം

ആഞ്ഞിലിച്ചക്ക കൂടുതലായി വാങ്ങുന്നത് അന്യസംസ്ഥാനക്കാരാണെന്ന് കച്ചവടക്കാർ പറയുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ അന്യസംസ്ഥാനക്കാർ ഏറെയുള്ളതിനാൽ ആഞ്ഞിലിച്ചക്കയും കൂടുതലായി വിറ്റുപോകുന്നു. അന്യ സംസ്ഥാനക്കാരനായ കച്ചവടക്കാർ മൊത്തമായി ആഞ്ഞിലിച്ചക്കയുള്ള വീടുകളിൽ നിന്ന് എടുത്തുകൊണ്ടു പോയും വില്കുന്നുണ്ട്. ആ‌ഞ്ഞിലിച്ചക്കയുടെ രുചി തന്നെയാണ് അന്യസംസ്ഥാനക്കാരെ ആകർഷിക്കുന്നതെന്ന് കോതമംഗലത്ത് ആഞ്ഞിലിച്ചക്കപ്പഴം വിൽക്കുന്ന സ്റ്റാൻലി പറയുന്നു.