navakerala-bus

കോഴിക്കോട്: ആളില്ലാത്തതിനാൽ നവകേരള ബസ് സർവീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള ബസാണ് ആളില്ലാത്തതിന്റെ പേരിൽ സർവീസീന് നിർത്തിയത്. ഒരാൾ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും സർവീസ് നടത്തിയില്ലെന്ന് കെ എസ് ആർ ടി സി അറിയിച്ചു.


സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്.

മുഖ്യമന്ത്രി അടക്കമുള്ളവ‌ർ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ചാണ് സ‌‌ർവീസ് ആരംഭിച്ചത്. ബസിന് സർവീസ് നടത്താനാകാത്തത് സംസ്ഥാന സ‌ർക്കാരിന്റെ അഭിമാന പ്രശ്നം തന്നെയാകും. പ്രതിപക്ഷം ഇത് ആയുധമാക്കാനും സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ വിഷയത്തിൽ മന്ത്രി ഗണേശ് കുമാ‌ർ നേരിട്ട് ഇടപെട്ടേക്കും.

എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും.

നവകേരള യാത്രയ്‌ക്ക്‌ ഉപയോഗിച്ച സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സ‌ർവീസ് ആരംഭിച്ചത്. അന്ന്‌ മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കിയിരുന്നു. കോഴിക്കോട് - ബംഗളൂരു റൂട്ടിൽ കെ എസ് ആർ ടി സി എ സി ബസ് കുറവായതിനാൽ സർവീസ് യാത്രക്കാ‌ർക്ക് ഏറെ സഹായകമാവുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ.