uae

ദുബായ്: യുഎഇയിലുള്ള 40 ശതമാനം യൂട്യൂബ് കാഴ്ചക്കാരും ആരോഗ്യ സംബന്ധമായ വീഡിയോകളാണ് കാണുന്നതെന്ന് റിപ്പോർട്ട്. ഇത് മെഡിക്കൽ പ്രൊഫഷണലുമായി കൂടിയാലോചിക്കാതെ ആരോഗ്യ സംബന്ധമായ തീരുമാനങ്ങൾ എടുക്കാൻ കാരണമായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാഴ്ചക്കാരിൽ യുഎഇയിലെ സ്വദേശികളും വിദേശികളുമുണ്ട്. ഖലീഫ സർവ്വകലാശാലയിലെ ഗവേഷകർ പങ്കുവച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആകെ 3000 യൂട്യൂബ് ഉപയോക്താക്കളിലാണ് സർവ്വേ നടത്തിയത്. ഇവരിൽ 87 ശതമാനം പേരും കാണുന്നത് ആരോഗ്യ സംബന്ധമായ ഉള്ളടക്കങ്ങളാണ്. ഇവരിൽ കൂടുതൽ പേരും കാണുന്നത് ബോഡി ബിൽഡിംഗുമായി ബന്ധപ്പെട്ട വീഡിയോകളാണെന്ന് സർവ്വേയിൽ കണ്ടെത്തി. ശരീരത്തിൽ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ കൂടുതൽ പേരും യൂട്യൂബ് നോക്കിയതിന് ശേഷം മാത്രമേ ആരോഗ്യ വിദഗ്ദരെ സമീപിക്കുന്നുള്ളൂ.

53കാരിയായ ദുബായ് സ്വദേശി ജിൽ ഡെയ്ലി ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് 'രോഗലക്ഷണങ്ങളുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വീഡിയോ ആദ്യം കാണും. അതിന് ശേഷം മാത്രമാണ് ആരോഗ്യ വിദഗ്ധരെ സമീപിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ'. 25കാരിയായ മിയ നിക്സണും സമാനമായ അനുഭവമാണ് പങ്കുവച്ചത്. ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് കൂടുതലും യൂട്യൂബിനെയാണ് ആശ്രയിക്കുന്നതെന്ന് മിയ പറയുന്നു. യൂട്യൂബിൽ ഇതേക്കുറിച്ച് തിരയുമ്പോൾ വ്യക്തമായ വിവരം ലഭിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്.

ഡോക്ടർമാരുടെ പ്രൊഫഷണൽ അഭിപ്രായം തേടുന്നതിനെക്കാൾ യുഎഇയിൽ ധാരാളം ആളുകൾ യൂട്യൂബിൽ നിന്ന് വൈദ്യോപദേശം തേടുന്നുണ്ടെന്ന ധാരണയിൽ ഗവേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഒരു പരിധിവരെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഓൺലൈൻ വിവരങ്ങളെ ആശ്രയിക്കുന്നതിനേക്കാൾ ഉയർന്ന പരിശീലനം ലഭിച്ച ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നതാണ് എല്ലായ്‌പ്പോഴും സുരക്ഷിതമാണെന്ന വാദത്തിൽ മെഡിക്കൽ പ്രൊഫഷണലുകൾ ഉറച്ചുനിൽക്കുന്നു.