neet

ന്യൂഡൽഹി : നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലായ് 18ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് മാറ്റി വയ‌്ക്കണമെന്ന ഹർജിക്കാരുടെ അപേക്ഷ പരിഗണിച്ചാണ് ചീഫ് ജസ്‌റ്റിന്റെ നടപടി. കേന്ദ്രസർക്കാരും നാഷണൽ ടെസ്‌റ്റിംഗ് ഏജൻസിയും സമർപ്പിച്ച കൗണ്ടർ അഫിഡവിറ്റുകൾ പരിശോധിക്കാൻ സമയം നൽകണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. മാത്യു ജെ നെടുമ്പാറ ആവശ്യപ്പെടുകയായിരുന്നു.

ചോദ്യപേപ്പർ ചോർച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.ബീഹാറിലെ പാട്ന,​ ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങളിൽ ചോദ്യപേപ്പർ ചോർന്നതായി മനസിലാക്കിയ ഉടൻ സ്ഥിതി വിലയിരുത്തിയിരുന്നു. ആ സെന്ററുകളിൽ പരീക്ഷയെഴുതിയവരുടെ പ്രകടനം പരിശോധിച്ചു. ചോർച്ച,​ പരീക്ഷയുടെ പവിത്രതയെ ബാധിച്ചില്ലെന്നാണ് കണ്ടെത്തിയത്. വിദ്യാ‌ർത്ഥികളും ചോർച്ചയിലൂടെ ഗുണമുണ്ടാക്കിയില്ല. അസാധാരണമായ മാർക്ക് ആ‌ർക്കും ഇല്ലെന്നും എൻ.ടി.എ കോടതിയെ അറിയിച്ചു.

ചോർച്ച വലിയതോതിലാണെങ്കിൽ, നേട്ടമുണ്ടാക്കിയ വിദ്യാർത്ഥികളെ കണ്ടെത്തിയില്ലെങ്കിൽ പുന:പരീക്ഷയിൽ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എതൊക്കെ സ്ഥലങ്ങളിൽ ചോദ്യപേപ്പർ ചോർന്നു, എന്തു നടപടി സ്വീകരിച്ചു തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ കോടതി ഉന്നയിച്ചിരുന്നു.