pic

ബാഗ്ദാദ്: കൊല്ലപ്പെട്ട ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ വിധിച്ച് ഇറാക്കിലെ ക്രിമിനൽ കോടതി. സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ,​ ബാഗ്ദാദിയുടെ ആദ്യ ഭാര്യ അസ്‌മ മുഹമ്മദാണ് ശിക്ഷിക്കപ്പെട്ടതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീകരവാദവും യസീദി വനിതകളെ തടവിലാക്കാൻ ഐസിസുമായി ചേർന്നു പ്രവർത്തിച്ചതുമാണ് ഇവർക്കെതിരെയുള്ള കുറ്റം. 2019 നവംബറിൽ തുർക്കിയിൽ അറസ്റ്റിലായ ഇവരെ ഈ വർഷം ആദ്യമാണ് ഇറാക്കിലെത്തിച്ചത്. അബൂബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലാണ് യു.എസ് സൈന്യത്താൽ കൊല്ലപ്പെട്ടത്. അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം സിറിയയിലെ ബാരിഷ ഗ്രാമത്തിൽ യു.എസ് സൈന്യം പ്രത്യേക കമാൻഡോ ഓപ്പറേഷൻ നടത്തുകയായിരുന്നു.