pic

വാഷിംഗ്ടൺ: ബഹിരാകാശത്ത് സുരക്ഷിതരാണെന്നും സ്റ്റാർലൈനർ പേടകത്തിൽ ആത്മവിശ്വാസമുണ്ടെന്നും സുനിത വില്യംസും ബച്ച് വിൽമോറും. സ്റ്റാർലൈനർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നും പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ലൈവ് വാർത്ത സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജയായ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ജൂൺ 13നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്. 'പേടകം തങ്ങളെ തിരിച്ചെത്തിക്കുമെന്ന് ഉറപ്പുണ്ട്. പ്രശ്നങ്ങളൊന്നുമില്ല" സുനിത പറഞ്ഞു. ബഹിരാകാശത്തെ വാസം സന്തോഷകരമാണ്. ഓരോ നിമിഷവും ആസ്വദിക്കുന്നു. നിലയത്തിലെ ജോലികളും പരീക്ഷണങ്ങളും ചെയ്തുവരികയാണെന്നും സുനിത വ്യക്തമാക്കി. ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്ന് നാസയും ബോയിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും മടക്കയാത്ര എന്നാണെന്ന് നാസ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനമെത്തിക്കുകയാണ് ലക്ഷ്യം.

 ഇന്ത്യൻ സഞ്ചാരികളെ കാണണം

തിരിച്ചെത്തിയ ശേഷം ബഹിരാകാശ ദൗത്യത്തിനായി നാസയിൽ പരിശീലനത്തിലുള്ള ഇന്ത്യൻ സഞ്ചാരികളെ കാണാൻ ആഗ്രഹിക്കുന്നതായി സുനിത വില്യംസ്. യു.എസ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ യു.എസ് എംബസിക്കയച്ച വീഡിയോ സന്ദേശത്തിലാണ് സുനിത ഇക്കാര്യം പറഞ്ഞത്. നാസ-ഐ.എസ്.ആർ.ഒ സംയുക്ത പദ്ധതിയുടെ ഭാഗമായി രണ്ട് ഇന്ത്യക്കാരെയാണ് നാസ പരിശീലിപ്പിക്കുക. ഇതിൽ ഒരാളെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കും. ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയും യു.എസും ഒന്നിച്ച് പ്രവർത്തിച്ച് വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും സുനിത പറഞ്ഞു. ഇന്ത്യയുമായും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള തങ്ങളുടെ സഹകരണം ആകാശത്തിലേക്കുള്ള മനുഷ്യരാശിയുടെ വ്യാപ്തി ഉയർത്തുമെന്നും സുനിത കൂട്ടിച്ചേർത്തു.