d

മുംബയ്: സ്വകാര്യആഡംബര കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതുൾപ്പെടെയുള്ള ആരോപണങ്ങളെത്തുടർന്ന് നടപടി നേരിട്ട ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെതിരേ പൊലീസ് അന്വേഷണം. പൂജയുടെ നിയമലംഘനങ്ങൾ വിവാദമായതിന് പിന്നാലെയാണ് പൂനെ പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച പൂജയുടെ വസതിയിലെത്തിയ അന്വേഷണ സംഘം ഇവരുടെ ഔഡി കാറിന്റെ വിശദാംശങ്ങൾ ശേഖരിച്ചു.

പൂജ സ്വകാര്യ കാറിൽ നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് സ്ഥാപിച്ചതും മഹാരാഷ്ട്ര സർക്കാരിന്റെ ബോർഡ് വച്ചതും വിവാദമായിരുന്നു.ജില്ലാ കളക്ടറുടെ ചേംബർ കൈയേറിയെന്ന ആരോപണവും ഉയർന്നു. തുടർന്ന് പൂനെ അസി. കളക്ടറായിരുന്ന പൂജയെ വാഷിമിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടു. പിന്നാലെയാണ് കാറുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ പൊലീസും അന്വേഷണം ആരംഭിച്ചത്.

സർട്ടിഫിക്കറ്റ്

അതിനിടെ, സിവിൽ സർവീസ് പരീക്ഷയ്ക്കായി പൂജ സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും വ്യാജമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കാഴ്ചപരിമിതിയുണ്ടെന്നും മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും അവകാശപ്പെട്ടാണ് പൂജ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. എന്നാൽ, പരീക്ഷാഫലം പുറത്തുവന്നശേഷം വൈദ്യപരിശോധനയ്ക്ക് ഹാജരാകാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല.

ആദ്യം കൊവിഡ് ബാധിച്ചെന്ന് പറഞ്ഞ് പരിശോധനയിൽനിന്ന് ഒഴിവായി. പിന്നീട് പലതവണ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനിടെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കി ഇവർ ജോലിയിൽ പ്രവേശിക്കുകയുംചെയ്തു. ഇതിനിടെ യു.പി.എസ്.സി. ചോദ്യംചെയ്‌തെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പൂജ സർവീസിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഒ.ബി.സി. വിഭാഗമാണെന്ന് അവകാശപ്പെട്ടാണ് പൂജ പരീക്ഷയ്ക്ക് ഹാജരായിരുന്നത്. പക്ഷേ, ഇതിനായി യുവതി ഹാജരാക്കിയ ജാതി സർട്ടിഫിക്കറ്റ് ക്രമക്കേടിലൂടെ കൈക്കലാക്കിയതാണെന്നും ആരോപണമുണ്ട്.

വിവാദനായികയായി മാറിയ പൂജ ഖേദ്കറിന്റെ പേരിൽ 110 ഏക്കർ കൃഷിഭൂമിയുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. മഹാരാഷ്ട്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ഖേദ്കറാണ് പൂജയുടെ പിതാവ്. 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ വഞ്ചിത് ബഹുജൻ അഘാടി സ്ഥാനാർഥിയായും ഇദ്ദേഹം മത്സരിച്ചിരുന്നു.

വിവിധയിടങ്ങളിലായി പൂജയ്ക്ക് ഏഴ് ഫ്ളാറ്റുകളും ആറ് പുരയിടങ്ങളും ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നത്. 900 ഗ്രാം സ്വർണവും വജ്രാഭരണങ്ങളും കൈവശമുണ്ട്. ഇതിനൊപ്പം 17 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണത്തിന്റെ വാച്ചുമുണ്ട്.നാല് ആഡംബര കാറുകളാണ് പൂജയ്ക്കുള്ളത്. രണ്ട് സ്വകാര്യകമ്പനികളിൽ പങ്കാളിത്തമുണ്ടെന്നും ഏകദേശം 17 കോടി രൂപയുടെ സ്വത്താണ് പൂജയുടെ പേരിലുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

പ്രതികരിക്കാനില്ലെന്ന്

വിവാദം കത്തിപ്പടരുന്നതിനിടെ വാഷിമിലെ പദവി ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും മറ്റു ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നും പൂജ പ്രതികരിച്ചു. സർക്കാർ ചട്ടപ്രകാരം ഇക്കാര്യങ്ങളിൽ സംസാരിക്കാൻ തനിക്ക് അനുവാദമില്ലെന്നും അതിനാൽ ഒന്നും പറയാനാകില്ലെന്നും വ്യക്തമാക്കി.