ബീജിംഗ് : യുക്രെയിൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നെന്ന നാറ്റോ നേതാക്കളുടെ ആരോപണത്തിനെതിരെ ചൈന രംഗത്ത്. വാഷിംഗ്ടണിൽ നാറ്റോ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിലാണ് ചൈന വിമർശനം നേരിട്ടത്. ' ചൈനീസ് ഭീഷണി' എന്ന പേരിൽ അമിത പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കുകയും പകരം യുദ്ധത്തിന്റെ അടിസ്ഥാന കാരണങ്ങൾ പ്രതിഫലിപ്പിക്കുകയാണ് വേണ്ടതെന്നും ചൈന പ്രതികരിച്ചു.
ഏറ്റുമുട്ടലും മത്സരവും പ്രകോപിപ്പിക്കുന്നതിന് പകരം ലോക സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകാനും നാറ്റോ നേതാക്കളോട് ചൈന ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തുടങ്ങിയ നാറ്റോ ഉച്ചകോടി ഇന്നലെ അവസാനിച്ചു. യുക്രെയിൻ സംഘർഷം പ്രധാന വിഷയമായ ഉച്ചകോടിയിൽ ചൈന - റഷ്യ ബന്ധം ശക്തമാകുന്നതും ചർച്ചയായിരുന്നു.
അതേ സമയം, യുക്രെയിന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകാനുള്ള നാറ്റോയുടെ തീരുമാനത്തിനെതിരെ റഷ്യ രംഗത്തെത്തി. നാറ്റോയുടെ തീരുമാനം റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും ഉചിതമായ മറുപടി നൽകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് പ്രതികരിച്ചു.