k-rajan

1968- ലെ റവന്യൂ റിക്കവറി നിയമം ഒരു സാമൂഹ്യ ക്ഷേമ നിയമമല്ല,​ മറിച്ച് നികുതി കുടിശ്ശികയും വായ്പാ കുടിശ്ശികയും ഭൂമിയിൽ നിന്നുള്ള പൊതു കുടിശ്ശികയായി കണക്കാക്കിക്കൊണ്ട് ഈടാക്കിയെടുക്കാനുള്ള നിയമമായിരുന്നു. അതുകൊണ്ടു തന്നെ തുക ഈടാക്കിക്കിട്ടാൻ സർക്കാരിനും വായ്പാ സ്ഥാപനങ്ങൾക്കും മാത്രം പ്രയോജനപ്പെടുന്ന വ്യവസ്ഥകളാണ് അതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1985-ലും 2007-ലും വരുത്തിയ ഭേദഗതികളാകട്ടെ,​ നിയമത്തിലെ നടപടിക്രമങ്ങളിലുണ്ടായിരുന്നു പോരായ്മകൾ പരിഹരിക്കാനുള്ളവ മാത്രമായിരുന്നു.

എന്നാൽ,​ ഈ നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ഭേദഗതിയിലെ വ്യവസ്ഥകൾ കുടിശ്ശികക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമുള്ളതാണ്. ഭേദഗതി നിയമം മാത്രമായി പരിശോധിച്ചാൽ ഇത് ഒരു സാമൂഹ്യ ക്ഷേമ നിയമമാണെന്ന് പറയാം. നിയമത്തിൽ വ്യവസ്ഥയില്ലാതിരുന്നിട്ടും മാനുഷിക പരിഗണന വച്ചാണ് കുടിശ്ശിക തുക ഗഡുക്കളാക്കി സർക്കാർ നൽകി വന്നിരുന്നത്. കുടിശ്ശിക ഗഡുക്കളായി നൽകാൻ പാടില്ലെന്ന് കോടതി വിധി വന്ന സാഹചര്യത്തിലാണ് ഒരു ഭേദഗതി സംബന്ധിച്ച ആലോചനയുണ്ടാകുന്നത്.

കുടിശ്ശികക്കാർക്ക്

സമാശ്വാസം

ഇത്തരം ഭേദഗതിയുമായി മുന്നോട്ടു പോയപ്പോൾ കുടിശ്ശികക്കാരായ സാധാരണക്കാർ അനുഭവിക്കുന്ന മറ്റു പല ബുദ്ധിമുട്ടുകൾക്കും വിഷമതകൾക്കും കൂടി ഭേദഗതിയിലൂടെ പരിഹാരം കാണാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. വായ്പയ്ക്ക് സ്റ്റേ നൽകാനും ഗഡുക്കൾ അനുവദിക്കാനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ കൊണ്ടുവന്നതിനൊപ്പം,​ മുഴുവൻ റവന്യു റിക്കവറി നടപടികൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നതും ഭൂമി 'ബോട്ട് ഇൻ ലാന്റായി" ഏറ്റെടുത്തതിനു ശേഷം പോലും സെറ്റിൽമെന്റ് പദ്ധതി നടപ്പിലാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതും കുടിശ്ശികക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്.

ബോട്ട് ഇൻ ലാന്റാക്കിയ ഭൂമി തിരികെ നൽകാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ല. കുടിശ്ശികക്കാരന് നിരവധി അവസരങ്ങൾ നൽകിയിട്ടാണ് ഭൂമി ലേലം ചെയ്യുകയും ലേലംകൊള്ളാൻ ആളില്ലാതെ വരുമ്പോൾ ബോട്ട് ഇൻ ലാന്റാക്കി ഏറ്റെടുക്കുകയും ചെയ്യുന്നത്. മൂന്നാമതൊരാൾ ഭൂമി ലേലംകൊണ്ട് വാങ്ങുമ്പോൾ അത് തിരികെ വാങ്ങി നൽകാൻ കഴിയില്ല. എന്നാൽ സർക്കാരോ സ്ഥാപനങ്ങളോ ബോട്ട് ഇൻ ലാന്റാക്കുമ്പോൾ അഞ്ചു വർഷത്തേക്ക് അത് കൈമാറ്റം ചെയ്യാനോ ഭേദപ്പെടുത്താനോ പാടില്ലെന്നും,​ ഇക്കാലയളവിനുള്ളിൽ കുടിശ്ശികയടച്ചാൽ ഭൂമി തിരികെ നൽകണമെന്നും ഒരു വ്യവസ്ഥ 50-എ എന്ന വകുപ്പിലൂടെ കൊണ്ടുവന്നതിലൂടെയും കുടിശ്ശികക്കാരന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. ഇക്കാലയളവിൽ കുടിശ്ശികക്കാരൻ മരണപ്പെടുകയാണെങ്കിൽ അനന്തരാവകാശികൾക്കും ഇത്തരത്തിൽ ഭൂമി തിരിച്ചെടുക്കാൻ കഴിയുമെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

റവന്യു റിക്കവറിയുടെ പലിശനിരക്ക് 12 ശതമാനത്തിൽ നിന്ന് ഒമ്പത് ശതമാനമായി കുറച്ചതും കുടിശ്ശിക്കക്കാർക്കു വേണ്ടിയാണ്. ഒമ്പതു ശതമാനത്തിൽ കുറവാണ് കരാർ നിരക്കെങ്കിൽ അത്തരം കുറഞ്ഞ നിരക്കിലുള്ള പലിശ നൽകിയാൽ മതിയെന്ന് ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭൂമിയുടെ ലേല വിവരത്തിന് ആവശ്യമായ പ്രചരണം കിട്ടാത്തതു മൂലം ലേലത്തുക കുറയുന്നു എന്ന പരാതി പരിഹരിക്കാനാണ് രണ്ടു ദിനപത്രങ്ങളിലും വെബ്സൈറ്റിലും ലേല വിവരം പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്.

ജപ്തി കഴിഞ്ഞും

ഭൂമി വിൽക്കാം


ചെറിയ കുടിശ്ശികയ്ക്കു വേണ്ടി കുടിശ്ശികക്കാരുടെ വിലപിടിപ്പുള്ള മുഴുവൻ ഭൂമിയും ജപ്തി ചെയ്യപ്പെടുന്നത് സങ്കടകരമായിരുന്നു. ഇത്തരം സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഭൂമിയുടെ ന്യായ വിലയ്ക്ക് അനുസൃതമായി ജപ്തി ക്ലിപ്തപ്പെടുത്തണമെന്ന് കുടിശ്ശികക്കാരന് അപേക്ഷിക്കാനും,​ അത് അനുവദിക്കാൻ കളക്ടർക്ക് അധികാരം കിട്ടുന്നതുമായ വ്യവസ്ഥ 36-ാം വകുപ്പിൽ ഉൾപ്പെടുത്തിയത് വലിയ പ്രയോജനം ചെയ്യും. ജപ്തി ചെയ്ത ഭൂമി വിൽപ്പന നടത്താൻ കഴിയാത്തതു മൂലം ഭൂമി വിറ്റ് കുടിശ്ശിക അടയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് ഭൂമി ജപ്തി ചെയ്തിട്ടുണ്ടെങ്കിൽപ്പോലും വിൽപ്പനയ്ക്ക് കുടിശ്ശികക്കാരന് അനുവാദം നൽകുന്ന വ്യവസ്ഥ 44-ാം വകുപ്പായി ഉൾപ്പെടുത്തിയത്.

ബോട്ട് ഇൻ ലാന്റായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില കണക്കാക്കി കുടിശ്ശികയിൽ നിന്ന് കുറവ് ചെയ്യുന്നതിനും കുടിശ്ശികയേക്കാൾ കൂടുതൽ തുക ഭൂമിയുടെ വിലയായി കണക്കാക്കുന്ന സാഹചര്യത്തിൽ പ്രസ്തുത തുക കുടിശ്ശികക്കാരന് തിരികെ നൽകാനും വേണ്ടിയാണ് 50-ാം വകുപ്പിൽ ആറാം ഉപവകുപ്പ് ഉൾപ്പെടുത്തിയത്. ഭൂമിയുടെ വില കണക്കാക്കുന്നത് 2013- ലെ എൽ.എ.ആർ.ആർ ആക്ട് പ്രകാരമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തത് കുടിശ്ശികക്കാരന്റെ ഭൂമിക്ക് മാന്യമായ വില ഉറപ്പാക്കുന്നതിനു വേണ്ടിയാണ്.