pic

മോസ്കോ : സ്വതന്ത്ര മാദ്ധ്യമമായ ' മോസ്കോ ടൈംസി"ന് നിരോധനം ഏർപ്പെടുത്തി റഷ്യ. ഓൺലൈൻ ദിനപ്പത്രമായ മോസ്കോ ടൈംസിന് രാജ്യത്ത് പ്രവർത്തിക്കാനാകില്ലെന്നും സ്ഥാപനവുമായി സഹകരിക്കുന്ന പൗരന്മാർ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കപ്പെടാമെന്നും അഞ്ച് വർഷം വരെ തടവ് ലഭിക്കാമെന്നും അധികൃതർ പറയുന്നു.

ദേശതാത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാട്ടിയാണ് നീക്കം. റഷ്യൻ ഭരണകൂടത്തിന്റെ വിദേശ,​ ആഭ്യന്തര നയ തീരുമാനങ്ങളെ അപമാനിക്കാൻ സ്ഥാപനം ശ്രമിക്കുന്നതായി റഷ്യൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചു.

1992ൽ മോസ്കോ ആസ്ഥാനമായി സ്ഥാപിച്ച മോസ്കോ ടൈംസ് 2017 വരെ പ്രിന്റ് ചെയ്തിരുന്നു. നിലവിൽ ഇംഗ്ലീഷ്,​ റഷ്യൻ ഭാഷകളിൽ ഓൺലൈൻ ന്യൂസ് പേപ്പറായാണ് പ്രവർത്തനം. 2022ൽ സ്ഥാപനത്തിന്റെ ആസ്ഥാനം നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്ക് മാറ്റിയിരുന്നു.