ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. ഗുണ്ടാ നേതാവ് ദുരൈയെ (40) പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ട ആലങ്കുടിക്ക് സമീപം വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ ഗുണ്ടകൾ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് എത്തിയത്. ഇൻസ്പെക്ടറെ വെട്ടിയപ്പോൾ പ്രാണരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളിൽ പ്രതിയാണ് ദുരൈ. പരിക്കേറ്റ പൊലീസുകാരന്റെ ചിത്രം ഉൾപ്പെടെ പുറത്തുവിട്ടിട്ടുണ്ട്.
വനമേഖലയിൽ ഗുണ്ടകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നെത്തിയ പൊലീസ് സംഘമാണ് ശിക്ഷ നടപ്പാക്കിയത്. ഇൻസ്പെക്ടർ മുത്തയെ വാക്കത്തി കൊണ്ട് ദുരൈ വെട്ടിയെന്നും പ്രാണരക്ഷാത്ഥം വെടിയുതിർക്കേണ്ടിവന്നുവെന്നുവെമാണ് പൊലീസ് പറയുന്നത് . ദുരൈയുടെ നെഞ്ചിനും കാലിനും വെടിയേറ്റിട്ടുണ്ട്. പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും . തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലകൾ കൂടുന്നതിൽ ഹൈക്കോടതി അമർഷം രേഖപ്പെടുത്തി ആഴ്ചകൾക്കുള്ളിലാണ് പുതിയ സംഭവം.