ആഹാരത്തിനൊപ്പം തന്നെ അവ പാകം ചെയ്യുന്ന പാത്രങ്ങളും ആരോഗ്യത്തിന് ഹാനികരമത്ത എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്, എന്നാൽ സൗകര്യത്തിനും സമയലാഭത്തിനും പ്രാധാന്യം നല്കിയപ്പോൾ ആരോഗ്യകരമായി ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ലോഹനിർമ്മിതമായ അലുമിനിയം, സ്റ്റെയിൻലെസ്സ് സ്റ്റീൽ, ഇരുമ്പ്, ബ്രാസ്, ബ്രോൺസ് തുടങ്ങി ലോഹനിർമ്മിതമല്ലാത്ത സെറാമിക്, ഗ്ലാസ്സ്, മൺപാത്രങ്ങളും മാർക്കറ്റിലുണ്ട്. എന്നാൽ, അലുമിനിയം ഫോയിൽ, ഗ്രോസറി,പ്ളാസ്റ്റിക് കോട്ടിംഗ് പേപ്പർ തുടങ്ങിയവ സുരക്ഷിതമല്ല. ചൂടാറാതിരിക്കാൻ ഉപയോഗിക്കുന്ന കാസറോൾ വലിയ കുഴപ്പമില്ല. ഉച്ചയ്ക്ക് ഭക്ഷണത്തിനുള്ള ആഹാരം രാവിലെ പാത്രത്തിൽ നിറയ്ക്കുമ്പോൾ കുത്തി ഞെരുക്കി വയ്ക്കാതെ പാത്രത്തിന്റെ നാലിലൊന്ന് ഭാഗം ഒഴിച്ചിടുന്നതാണ് നല്ലത്.
ഹൈ ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളും വാട്ടർ ബോട്ടിലുകളും മാത്രമേ സ്കൂളിലും ജോലിസ്ഥലത്തും ഭക്ഷണവും വെള്ളവും കൊണ്ടുപോകാൻ ഉപയോഗിക്കാവൂ. വിറകടുപ്പിൽ മൺപാത്രം ഉപയോഗിച്ച് കറി വയ്ക്കുകയും ചോറ് വയ്ക്കുകയും ചെയ്യുന്നവർ ഇപ്പോഴും അത്ര കുറവല്ലെന്ന് ഒാർക്കണം.
ചുട്ട് കഴിക്കുന്നത് പലർക്കും വലിയ ഇഷ്ടമാണ്. ചുട്ട് കരിച്ചവ രുചികരമാണെങ്കിലും ആരോഗ്യകരമല്ല. അല്ലെങ്കിൽ തന്നെ തീയിൽ ചുട്ടെടുക്കുന്നത് പോലെയല്ല ഗ്യാസിൽ ചുട്ടെടുക്കുന്നത്. ഗ്യാസിൽ നേരിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിയും ചിക്കനും ഹൈഡ്രോകാർബണുകളുടെ സാന്നിദ്ധ്യത്തെ വർധിപ്പിക്കുമെന്നതിനാൽ ഹാനികരമായി തീരുന്നു.
ബ്രാസ് പാത്രങ്ങൾ
സിങ്കിന്റേയും ചെമ്പിന്റേയും സംയുക്തമാണ് ബ്രാസ്. എണ്ണയും നെയ്യും ചേർന്നവ പാചകം ചെയ്യുന്നതിന് ഏറ്റവും ഉത്തമം. ഇത്തരം പാത്രങ്ങളിൽ ശേഖരിച്ച് വച്ച വെള്ളം 48 മണിക്കൂറുകൾക്ക് ശേഷം ഹാനികരമായേക്കാവുന്ന ഇ കോളി ബാക്ടീരിയകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ശരിയായ ഇടവേളകളിൽ ചെമ്പ് പാത്രങ്ങൾ ഇയ്യം പൂശി ഉപയോഗിച്ചാൽ അനുവദനീയമല്ലാത്ത അളവിൽ ചെമ്പ് നമ്മുടെ ശരീരത്തിൽ കടക്കില്ല. വല്ലപ്പോഴും മാത്രം പാകം ചെയ്യാൻ എടുക്കുന്ന ചെമ്പ് പാത്രങ്ങൾ ശരിയായി കഴുകി വൃത്തിയാക്കിയവ ആയിരിക്കണം. ബ്രോൺസ് പാത്രങ്ങളിലെ പ്രധാന ഘടകം ചെമ്പ് തന്നെയാണ്. കൂടാതെ ടിൻ, ചെറിയതോതിൽ ലെഡ്, സിലിക്ക എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇരുമ്പ് പാത്രങ്ങൾ
പുളിയുള്ളതോ അസിഡിക് ആയതോ ആയവ പാകം ചെയ്യാൻ ഇവ അത്ര നല്ലതല്ല. അഥവാ സാമ്പാർ, രസം, തക്കാളിക്കറി എന്നിവ പാചകം ചെയ്യുകയാണെങ്കിൽ ഉടൻതന്നെ കഴുകിയുണക്കി എണ്ണ പുരട്ടി വയ്ക്കണം. ഇരുമ്പുപാത്രങ്ങളിൽ വളരെനേരം വെള്ളം ശേഖരിച്ചു വച്ചാൽ വേഗം തുരുമ്പ് പിടിക്കും.ചീര മുതലായ ഇലക്കറികൾ പാകം ചെയ്യാൻ ഇരുമ്പ് പാത്രങ്ങൾ നല്ലതാണ്. അവ വിളർച്ച സംബന്ധമായ അസുഖങ്ങളെ കുറയ്ക്കും. പേപ്പർ, തെർമോകോൾ എന്നിവ കൊണ്ട് നിർമ്മിതമായ കപ്പ്, ഇല, പാത്രം എന്നിവ മെഴുക് ആവരണത്തോട് കൂടിയതും ചൂടുള്ള ആഹാരസാധനങ്ങക്കൊപ്പം ഉള്ളിൽചെന്ന് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്.
നോൺസ്റ്റിക് പാത്രങ്ങൾ
ഉപയോഗിക്കാൻ ഇവ സൗകര്യമാണെങ്കിലും ആരോഗ്യപരമായി ഹാനികരമാണ്. ഇതിലെ പോളീ ടെട്രാ ഫ്ലോറോ എത്തിലീൻ ( പി.പി.എഫ്. ഇ) എന്ന ടഫ്ളോൺ കോട്ടിംഗിലെ പെർഫ്ലൂറോ ഒക്ടനോയിക് ആസിഡിന്റെ (പി. എഫ്. ഒ. എ) സാന്നിദ്ധ്യം കാൻസർ, തൈറോയ്ഡ് രോഗങ്ങൾ, കൊളസ്ട്രോൾ, കരൾരോഗങ്ങൾ, ജന്മ വൈകല്യങ്ങൾ, രോഗപ്രതിരോധശേഷി ക്കുറവ് ,സന്ധിരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.
അലൂമിനിയം പാത്രങ്ങൾ
പാചകം ചെയ്യുന്നതിന് അലൂമിനിയം പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.അവയിൽ പലതും നിർദ്ദേശിക്കപ്പെട്ട ഗുണമേന്മയുള്ളവയല്ല. ഇക്കാരണത്താൽ മനുഷ്യർക്ക് അനുവദനീയമായതിന്റെ ഇരട്ടിയിലേറെ അലൂമിനിയം ദിനംപ്രതി ശരീരത്തിലെത്തുന്നു. ഇത് ഇരുമ്പിന്റേയും കാൽസ്യത്തിന്റേയും ആഗീരണത്തെ തടയുന്നതിലൂടെ അനീമിയ അഥവാ വിളർച്ച രോഗമുണ്ടാകുന്നതിനും മറവിരോഗം അഥവാ അൽഷിമേഴ്‌സ് ഉണ്ടാകുന്നതിനും കാരണമാകുന്നു.
നല്ല പാത്രം ഏത് ?
സ്റ്റീൽ പാത്രങ്ങൾ പാചകത്തിന് നല്ലതാണ്. എന്നാൽ ഇവ പെട്ടെന്ന് ചൂടാകുമെങ്കിലും ഒരുപോലെ എല്ലാഭാഗത്തും ചൂട് ക്രമീകരിക്കാൻ കഴിയുന്നവയല്ല. ആയതിനാൽ പാത്രത്തിന്റെ അടിഭാഗത്ത് ചെമ്പും മുകൾവശത്ത് തുരുമ്പെടുക്കാത്ത സ്റ്റീലും കൊണ്ട് നിർമ്മിച്ച (കോപ്പർ ബോട്ടംഡ് സ്റ്റെയിൻലെസ് സ്റ്റീൽ) പാത്രങ്ങളാണ് പാചകത്തിന് ഏറ്റവും നല്ലത്.