pic

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പിലാൻസ്ബർഗ് നാഷണൽ പാർക്കിൽ സ്പാനിഷ് ടൂറിസ്റ്റിനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം. വാഹനത്തിൽ നിന്നിറങ്ങി ആനകളുടെ അടുത്ത് ചെന്ന് ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ദാരുണാന്ത്യം.

കാർലോസ് ലൂണ (43) എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേരുമുണ്ടായിരുന്നു. എന്നാൽ ഇവർ വാഹനത്തിൽ നിന്ന് ഇറങ്ങാതിരുന്നതിനാൽ രക്ഷപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ പാർക്കാണ് പിലാൻസ്ബർഗ്. 7,000ത്തിലേറെ മൃഗങ്ങളുള്ള ഇവിടേക്ക് വർഷം തോറും പതിനായിരക്കണക്കിന് സഞ്ചാരികളാണെത്തുന്നത്.

മൂന്ന് കുട്ടിയാനകൾ അടക്കം ആറ് ആനകൾ ചേർന്ന സംഘമാണ് കാർലോസിനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിലക്കിയെങ്കിലും കാർലോസ് ആനകളുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മറ്റ് രണ്ട് വാഹനങ്ങളിലെത്തിയ സഞ്ചാരികളും മുന്നറിയിപ്പ് നൽകിയിരുന്നു. ആദ്യം ഒരാന കാർലോസിന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഓടിരക്ഷപെടാൻ നടത്തിയ ശ്രമം വിഫലമായി.

നിമിഷ നേരം കൊണ്ട് മറ്റ് ആനകളും ചേർന്ന് കാർലോസിനെ ചവിട്ടിമെതിച്ചു. വൈകാതെ പ്രദേശത്ത് നിന്ന് പോയ ആനകൾ മറ്റാരെയും ആക്രമിച്ചില്ല.