ഇരുപത്തിമൂന്നു ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയ നീറ്റ് പരീക്ഷാ തിരിമറികളുടെ ആഴവും പരപ്പും കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടക്കുന്ന സമയമാണിത്. എന്നാൽ, ഇപ്പോഴത്തെ ക്രമക്കേടുകൾ, കുറേക്കൂടി രൂക്ഷമായ മറ്റൊരു പ്രതിസന്ധിയുടെ പ്രതിഫലനമാണെന്ന വസ്തുതയും പരിശോധിക്കേണ്ടതുണ്ട്. പരീക്ഷാ കുംഭകോണത്തിന്റെ വേരുകൾ തേടുമ്പോൾ ചെന്നെത്തുന്നത് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തെ അലട്ടുന്ന വ്യാധികളിലേക്കാണ്. മെഡിക്കൽ സീറ്റുകളുടെ കടുത്ത അപര്യാപ്തത, സീറ്റ് ഉറപ്പിക്കാനുള്ള കൊടും മത്സരം, താങ്ങാനാവാത്ത പഠന ചെലവ് എന്നിങ്ങനെ പോകുന്നു വ്യാകുലതകളുടെ നിര.
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഡിമാൻഡും, അതിന്റെ ലഭ്യതയും തമ്മിലുള്ള വൻ പൊരുത്തക്കേടാണ് ഇപ്പോഴത്തേതു പോലുള്ള ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതിലെ മൂലഘടകം. ദേശീയ മെഡിക്കൽ കമ്മിഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തു ലഭ്യമായ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 1,09,145 ആയിരിക്കെ, ഈ വർഷം പ്രവേശനപരീക്ഷ എഴുതിയവരുടെ എണ്ണം അതിന്റെ 23 ഇരട്ടിയോളമാണ്! ഈ ചേർച്ചയില്ലായ്മ വർഷംപ്രതി വഷളായി വരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സീറ്റുകളുടെ ആവശ്യകതയും ലഭ്യതയും തമ്മിൽ വർദ്ധിച്ചുവരുന്ന വിടവ് വിദ്യാർത്ഥികളെ കഠിനമായ സമ്മർദ്ദത്തിന്റെയും മത്സരത്തിന്റെയും ഇരകളാക്കുന്നു.
കഴുത്തറുപ്പൻ
കോച്ചിംഗ്
ഈ അതിസമ്മർദ്ദം മറ്റൊരു കഴുത്തറുപ്പൻ മത്സരത്തിലേക്ക് നയിക്കപ്പെടുമ്പോൾ ആ മത്സരത്തിന്റെ വേദികളാണ് കോച്ചിംഗ് സെന്ററുകൾ. 58,000 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ള വൻ വ്യവസായമായി മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലന മേഖല വളർന്നുവെന്നാണ് 2022-ലെ ഒരു പഠനം തിട്ടപ്പെടുത്തിയിട്ടുള്ളത്. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുകൾ തമ്മിലുള്ള 'ഹൈ വോൾട്ടേജ് മത്സരം" ഒട്ടേറെ അനഭിലഷീണമായ പ്രവർത്തനങ്ങൾക്കും സ്വാഭാവികമായും ഇടയാക്കും.
മെഡിക്കൽ വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളുടെ പിരിമുറുക്കത്തിന് ആക്കം കൂട്ടുന്ന മറ്റൊരു ഘടനാപരമായ പ്രയാസത്തെക്കുറിച്ചും പറയേണ്ടതുണ്ട്. ദേശീയ മെഡിക്കൽ കമ്മിഷന്റെ കണക്കനുസരിച്ച് ഇന്ത്യയിലുള്ള 706 മെഡിക്കൽ കോളേജുകളിൽ 320 സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലാണ്. ഇവയിൽ ഗുണപരമായ റാങ്കിംഗിൽ ഉന്നതസ്ഥാനം കരസ്ഥമാക്കിയ സ്ഥാപനങ്ങളുടെ എണ്ണം പരിമിതമാണെന്ന വസ്തുതയും നിലനിൽക്കുന്നു. ഘടനാപരമായ വ്യത്യാസങ്ങൾ കാരണം സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പഠനച്ചെലവും ഉയർന്നു തന്നെ നിൽക്കുന്നു.
സർക്കാർ കോളേജുകളിലെ എം.ബി.ബി.എസ് ഫീസ് പ്രതിവർഷം 2000 രൂപയ്ക്കും 14,000 രൂപയ്ക്കും ഇടയിലാകുമ്പോൾ സ്വകാര്യ കോളേജുകളിലേത് 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലാണെന്നാണ് ഒരു പഠനം നൽകുന്ന കണക്ക്. സ്വാഭാവികമായും, ഗുണമേന്മയേറിയതും ഫീസ് താഴ്ന്നതുമായ കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്താനുള്ള വിദ്യാർത്ഥികളുടെ മത്സരവും ആ 'മൂലധന"ത്തിൽ പടുത്തുയർത്തപ്പെട്ട കോച്ചിംഗ് സ്ഥാപനങ്ങളുടെ മത്സരവും തീവ്ര രൂപം പ്രാപിക്കുന്നു. ഇത് ക്രമക്കേടുകൾക്കുള്ള ഫലഭൂയിഷ്ഠമായ തട്ടകം ഒരുക്കുകയും ചെയ്യുന്നു.
ഡോക്ടർമാരുടെ
എണ്ണക്കുറവ്
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഇത്തരം അസന്തുലിതാവസ്ഥകൾ അവിടെയെത്താൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വ്യക്തിപരമായ പ്രശ്നം മാത്രമല്ല, അവ രാജ്യതാത്പര്യത്തിനും നല്ലതല്ലെന്ന വസ്തുതയും പ്രസക്തമാകുന്നു. 2022-ലെ കണക്കനുസരിച്ച് ഇന്ത്യയിലുള്ളത് 13 ലക്ഷം അലോപ്പതി ഡോക്ടർമാരാണ്. ഇത് വികസിത രാജ്യമായ അമേരിക്കയുടേതിനേക്കാൾ ഉയർന്നതാണെങ്കിലും, നമ്മുടെ രാജ്യത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ അവസ്ഥ അത്ര ഭദ്രമല്ലെന്ന് കാണാം. 2022-ലെ തന്നെ കണക്കനുസരിച്ച് ഇന്ത്യയോളം ജനങ്ങളുള്ള ചൈനയ്ക്കുള്ളത് 36 ലക്ഷത്തിലധികം ഡോക്ടർമാരാണ്!
ലോകാരോഗ്യ സംഘടനയുടെ രേഖകൾ പ്രകാരം ആരോഗ്യ മേഖലയിലെ മനുഷ്യ സമ്പത്തിന്റെ കാര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന 57 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചികിത്സിച്ചു ഭേദമാക്കാവുന്ന വയറിളക്കം, ക്ഷയം, ന്യുമോണിയ തുടങ്ങിയ രോഗങ്ങൾ കാരണം ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന രാജ്യവുമാണ് നമ്മുടേത്. അതായത്, രാജ്യതാത്പര്യം പരിഗണിക്കുമ്പോഴും ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗം എണ്ണത്തിലും ഗുണത്തിലും ഇനിയും വളരേണ്ടതുണ്ട്. ചുരുക്കത്തിൽ, മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അലട്ടുന്ന വ്യാധികൾക്കുള്ള ചികിത്സ, ഈ രംഗത്തെ ക്രമക്കേടുകൾ ഭേദമാക്കുന്നതിനുള്ള പോസിറ്റീവായ പാർശ്വഫലങ്ങളും സമ്മാനിക്കും.