aravind-kejriwal

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. രണ്ടംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ഇ ഡിയുടെ അറസ്റ്റ്‌ ചോദ്യം ചെയ്‌തുള്ള ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടു.

മുഖ്യമന്ത്രിയെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കേജ്‌രിവാളിന് അദ്ദേഹത്തിന്റെ ജോലി ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അത് നിലനിൽക്കുന്നതല്ലെന്നുമായിരുന്നു കേജ്‌രിവാളിന്റെ വാദം.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തിലും കേജ്‌രിവാളിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം കേജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയേയും സംബന്ധിച്ച് താത്ക്കാലിക ആശ്വാസമാണ്. എന്നാൽ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഇഡി വിചാരണക്കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജൂലായ് 15നാണ് ഇതിൽ വാദം തുടങ്ങുന്നത്. മാത്രമല്ല സിബിഐ കേസിലും അരവിന്ദ് കേജ്‌രിവാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനാൽത്തന്നെ പുറത്തിറങ്ങാൻ കഴിയുമോയെന്ന് വ്യക്തമല്ല.

മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‍രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ആംആദ്മി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.