വിറ്റാമിൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഒന്നാണ് തെെര്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെ നല്ലതാണ്. ട്രീപ്‌റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. കലോറി കുറഞ്ഞതിനാൽ ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ അമിതവണ്ണത്തിനുള്ള സാദ്ധ്യതയും കുറയ്ക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും തെെര് നല്ലതാണ്.
100ഗ്രാം തെെരിൽ 98 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തെെര് കഴിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ ചുമ്മാ കഴിച്ചാൽ പോര. ശരിയായ രീതിയിൽ തെെര് കഴിച്ചാൽ മാത്രമേ ശരീരഭാരം കുറയുകയുള്ളൂ. അത് എങ്ങനെയെന്ന് നോക്കാം.
ആപ്പിൾ, ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, വാഴപ്പഴം തുടങ്ങിയവയുടെ കൂടെ തെെര് ചേർക്കുക. നാരുകളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്ന ഈ പഴങ്ങളിൽ തെെര് ചേർത്ത് കഴിച്ചാൽ വിശപ്പ് പെട്ടെന്ന് തോന്നില്ല. കൂടാതെ ഇത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു. സാലഡിലും സ്‌മൂത്തിയിലും തെെര് ഉപയോഗിക്കാം. ഉയർന്ന കലോറിയുള്ള മയോനെെസ് അല്ലെങ്കിൽ ക്രീമിന് പകരം തെെര് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് തടി കുറയ്ക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും തെെര് കഴിക്കുന്നത് നല്ലതാണ്.